അകറ്റി നിര്‍ത്തേണ്ടത് എയ്ഡ്സ് രോഗത്തെ, രോഗികളെ അല്ല: കളക്ടര്‍ വി.ആർ.വിനോദ്
1375149
Saturday, December 2, 2023 1:38 AM IST
മലപ്പുറം: എയ്ഡ്സ് രോഗത്തെയാണ് അകറ്റി നിര്‍ത്തേണ്ടതെന്നും രോഗികളെ അല്ല എന്ന സന്ദേശം നാം ഉള്‍ക്കൊള്ളണമെന്നും സമൂഹങ്ങളാണ് നയിക്കേണ്ടതെന്ന എയ്ഡ്സ് ദിനാചരണ സന്ദേശം മനസിലുറപ്പിച്ച് വേണം എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതെന്നും ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് പറഞ്ഞു.
ചട്ടിപ്പറമ്പ് എഡ്യൂകെയര്‍ ഡെന്റല്‍ കോളജില്‍ ജില്ലാ ആരോഗ്യവകുപ്പും ആരോഗ്യകേരളവും ജില്ലാ എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും സംയുക്തമായി നടത്തിയ എയ്ഡ്സ് ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അധ്യക്ഷയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ് എയ്ഡ്സ്ദിന സന്ദേശം നല്കി. എയ്ഡ്സ് ദിന സന്ദേശം എഡ്യൂകെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ഡോ. ഇന്ദുശേഖര്‍ പ്രകാശനം ചെയ്തു.
ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി. രാജു, ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ പി.എം ഫസല്‍, രാമദാസ്, എച്ച്.എസ്. മുസ്തഫ, കെഎച്ച്ഐമാരായ വി.ബി. പ്രമോജ്, വി.ആര് വിനയചന്ദ്രന്, എഫ്എസ്ഡബ്ല്യു സുരക്ഷാ പ്രൊജക്ട് മാനേജര്‍ ഹമീദ് കട്ടുപാറ, മൈഗ്രന്റ് സുരക്ഷാ പ്രൊജക്ട് ഓഫീസര്‍ വി.കെ. സൂരജ്, കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ വി.കെ. ഷരീഫ്, സീനിയര്‍ എച്ച്ഐവി കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി ഫ്ളാഷ് മോബ്, ആശമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എഡ്യൂകെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്ത ബോധവത്കരണ റാലി, സിഗ്നേച്ചര്‍ കാമ്പയിന് എന്നിവയും നടന്നു. എയ്ഡ്സ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം കുന്നുമ്മല്‍ സ്ക്വയറില്‍ ഡിഎംഒ ഡോ. ആര്. രേണുകയുടെ നേതൃത്വത്തില്‍ തിരിതെളിയിച്ചു.