ഊട്ടിയില്‍ ബൈക്ക് അപകടത്തില്‍ മമ്പാട് സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു
1374517
Wednesday, November 29, 2023 11:03 PM IST
നിലമ്പൂര്‍: ഊട്ടിയിലുണ്ടായ ബൈക്ക് അപകടത്തില്‍ മമ്പാട് എംഇഎസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൂടെ സഞ്ചരിച്ചിരുന്ന വിദ്യാര്‍ഥി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മമ്പാട് പനയംകുന്ന് ചോലയില്‍ മുജീബിന്റെ മകന് ഇഹ്തിഷാം(15)ആണ് മരിച്ചത്. മമ്പാട് ഓടായിക്കല്‍ സ്വദേശി കെ.ടി. ഷബ്ഹാനാണ് പരിക്കേറ്റത്. ഊട്ടി തലൈകുന്ത പൈന്‍ വനത്തിന് സമീപം ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് സംഭവം.
ബൈക്ക് നിയന്ത്രണം വിട്ടു റോഡരികിലെ സുരക്ഷാവേലിയില്‍ തട്ടി മറിയുകയായിരുന്നു. ഇരുവരും രാവിലെ സ്കൂളിലേക്ക് പോവുകയും പിന്നീട് ബൈക്കില്‍ ഊട്ടിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. കുട്ടികള്‍ സ്കൂളില്‍ എത്തിയിട്ടില്ലെന്ന് അധ്യാപകര്‍ മാതാപിതാക്കളെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് അപകടവാര്‍ത്തയെത്തിയത്.
മരണപ്പെട്ട ഇഹ്തിഷാം ആണ് ബൈക്ക് ഓടിച്ചിരുന്നത്. മൃതദേഹം ഊട്ടി ഗവണ്മെന്റ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് വീട്ടിലെത്തിക്കും. കബറടക്കം ഇന്നു വൈകുന്നേരം നാലിന് മമ്പാട് പുത്തന്‍പള്ളി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. ഇഹ്തിഷാമിന്റെ മാതാവ്: റംലത്ത്. സഹോദരങ്ങള്‍:ഇര്ഫാന്, റിസ്വാന, റിന്‍ഷ.