മഞ്ചേരി: "ശുചിത്വ നഗരം’ എന്ന സന്ദേശമുയർത്തി മഞ്ചേരി നഗരസഭയും സൈക്കിൾ റൈഡേഴ്സ് മഞ്ചേരി ക്ലബും സംയുക്തമായി നഗരത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. അഡ്വ. യു.എ. ലത്തീഫ് എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു. കേന്ദ്രസർക്കാരിന്റെ "സ്വച്ഛതാ ഹി സേവ’ കാന്പയിനിന്റെ ഭാഗമായാണിത്.
നെല്ലിപ്പറന്പ്, സി.എച്ച്. ബൈപ്പാസ്, പുതിയ ബസ് സ്റ്റാൻഡ്, സെൻട്രൽ ജംഗ്ഷൻ, ഐജിബിടി എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി നഗരസഭ കാര്യാലയത്തിന് മുന്നിൽ സമാപിച്ചു. വൈസ് ചെയർമാൻ വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ടി.എം. നാസർ, നഗരസഭ സെക്രട്ടറി എച്ച്. സിമി എന്നിവർ പ്രസംഗിച്ചു.
സൈക്കിൾ റൈഡേഴ്സ് മഞ്ചേരി പ്രസിഡന്റ് പി. റജീഷ്, സെക്രട്ടറി റിയാസ് ഹൈടെക്, ട്രഷറർ റിയാസ് ആരിഫ്, ക്ലബ് ഭാരവാഹികളായ സി.ടി. സഫ് വാൻ, പ്രജീഷ്, ഷെഫിൻ, ഗിരീഷ് എന്നിവർ നേതൃത്വം നൽകി.
സ്വച്ഛതാ ഹി സേവയുടെ ഭാഗമായി ഇന്ന് ശുചിത്വ സന്ദേശ നടത്തം, നാളെ ശുചിത്വ സന്ദേശ സാംസ്കാരികോത്സവം, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ സേനാംഗങ്ങൾ എന്നിവർക്കുള്ള ബോധവത്കരണ ക്ലാസ്, മെഡിക്കൽ ക്യാന്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ശുചിത്വ ക്വിസ്, ചിത്രരചന, സ്വച്ഛതാ പ്രതിജ്ഞ എന്നിവ നടക്കും.