മഴയെത്തുടർന്ന് റോഡിൽ വിള്ളൽ രൂപപ്പെട്ടു
1339719
Sunday, October 1, 2023 7:47 AM IST
എടക്കര: കനത്ത മഴയെത്തുർന്ന് പാലാട്-മാമാങ്കര റൂട്ടിലെ കോസടിപ്പാലത്തിന് സമീപം റോഡിൽ വിള്ളലുകൾ രൂപപ്പെട്ടു. കാരക്കോടൻ പുഴയുടെ കവളപ്പൊയ്ക കോസടിപ്പാലത്തിന് സമീപമാണ് വിള്ളലുകൾ രൂപപ്പെട്ടിട്ടുള്ളത്. മഴ ശക്തമായതോടെ വിള്ളൽ വലുതായി വരികയാണ്. വിള്ളലിന് എട്ടു മീറ്ററിലേറെ നീളമുണ്ട്.
പാലത്തിന്റെ അപ്രോച്ച് റോഡിനായി നിർമിച്ച ഇരുപതടിയോളം ഉയരമുള്ള സംരക്ഷണ ഭിത്തി പുറത്തേക്ക് തള്ളി നിൽക്കുന്നുമുണ്ട്. ഇതാകാം റോഡിൽ വിള്ളൽ രൂപപ്പെട്ടതിന് കാരണമെന്നു കരുതുന്നു. ഒരു വർഷം മുന്പാണ് പാലാട്-മാമാങ്കര റോഡ് റീ ടാറിംഗ് നടത്തിയത്. വഴിക്കടവ്-മരുത റൂട്ടിൽ പാലം പണി നടക്കുന്നതിനാൽ ആ ഭാഗത്തേക്കുള്ള ഭാരവാഹനങ്ങളടക്കം ഇതുവഴിയാണിപ്പോൾ കടന്നുപോകുന്നത്. ശക്തമായ മഴ തുടർന്നാൽ റോഡ് തകരുമെന്ന ഭീതിയിലാണ് ജനങ്ങൾ.