കാട്ടാന നശിപ്പിച്ച കൃഷിസ്ഥലം കോണ്‍ഗ്രസ്, കർഷക കോണ്‍ഗ്രസ് നേതാക്കൾ സന്ദർശിച്ചു
1339718
Sunday, October 1, 2023 7:47 AM IST
നിലന്പൂർ: നിലന്പൂരിൽ കാട്ടാന നശിപ്പിച്ച കൃഷി സ്ഥലം കോണ്‍ഗ്രസിന്റെയും കർഷക കോണ്‍ഗ്രസിന്റെയും നേതാക്കൾ സന്ദർശിച്ചു. വനം വകുപ്പിന്േറതു ഗുരുതര വീഴ്ചയാണെന്നു നേതാക്കൾ പറഞ്ഞു. വന്യമൃഗ ശല്യം കാരണം കർഷകരും നാട്ടുകാരും ഭീഷണിയിലായ സാഹചര്യത്തിൽ എംഎൽഎ അനങ്ങാപ്പാറ നയം വെടിയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പട്ടാപ്പകൽ പോലും നിലന്പൂർ അങ്ങാടിയിലും ഡിഎഫ്ഒ ഓഫീസ് മുറ്റത്ത് പോലും കാട്ടാന ഇറങ്ങുന്ന അവസ്ഥയാണ്.
കർഷകർക്ക് മാത്രമല്ല നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. കൃഷിക്കാർക്ക് യാതൊരു രക്ഷയുമില്ല. വിളനാശമുണ്ടാകുന്നതിനു നഷ്ടപരിഹാരമില്ല. കഴിഞ്ഞ ദിവസം ചെന്പംകൊല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് ധനസഹായം സർക്കാർ പ്രഖ്യാപിച്ചില്ല. എംഎൽഎ ഇക്കാര്യങ്ങളിൽ ഇടപെടുന്നില്ല. കഴിഞ്ഞ ദിവസം കൊളക്കണ്ടത്തും അരുവാക്കോടും കാട്ടാനയിറങ്ങി കൃഷികൾ നശിപ്പിച്ച സംഭവമുണ്ടായി. ആനയിറങ്ങുന്നത് തടയാനുള്ള വേലിയുടെ പ്രവൃത്തികൾ ഒന്നുമായില്ല.
കാട്ടാനകൾക്ക് പുറമേ കാട്ടുപന്നികളുടെ ശല്യവും മേഖലയിൽ അതിരൂക്ഷമാണ്. പന്നികളെ വെടിവച്ചു കൊല്ലാനുള്ള തീരുമാനവും വ്യക്തതയില്ലാതെ തുടരുകയാണെന്നും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ,് കർഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി. രാജൻ എന്നിവർ പറഞ്ഞു. വിജയൻ നീലാന്പ്ര, സി.ടി. ഉമ്മർകോയ, ഷെറി ജോർജ്, കൗണ്‍സിലർമാരായ ഡെയ്സി ചാക്കോ, സാലി ബിജു, റസിയ അള്ളന്പാടം, ശ്രീജ വെട്ടത്താഴത്ത്, കർഷകരായ സി.പി. മുഹമ്മദ്, അബ്ദുൾ സലാം, ഗോപകുമാർ തുടങ്ങിയവർ കൃഷിയിടം സന്ദർശിച്ചു.