ആര്യാടൻ മതേതരത്വത്തിൽ അടിയുറച്ച് പ്രവർത്തിച്ച നേതാവ്: ബെന്നി ബെഹനാൻ എംപി
1338931
Thursday, September 28, 2023 1:41 AM IST
നിലന്പൂർ: ആര്യാടൻ മുഹമ്മദ് മതേതരത്വത്തിൽ അടിയുറച്ച് പ്രവർത്തിച്ച നേതാവായിരുന്നുവെന്ന് ബെന്നി ബെഹനാൻ എംപി. മുൻ മന്ത്രിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ ഒന്നാം അനുസ്മരണ സമ്മേളനം നിലന്പൂർ ചന്തക്കുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ പോലുള്ള നേതാക്കൾക്ക് രാഷ്ട്രീയത്തിൽ വഴികാട്ടിയായി നിന്ന നേതാവുമായിരുന്നു ആര്യാടൻ മുഹമ്മദ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ആര്യാടൻ മുഹമ്മദിനെ പോലുള്ള നേതാക്കൾ ഇല്ലാത്തത് വലിയ കുറവാണെന്നും ബെന്നി ബെഹനാൻ പറഞ്ഞു. എ.കെ. ആന്റണി, ഉമ്മൻചാണ്ടി, വയലാർ രവി എന്നിവർക്കൊപ്പം എന്നും ഒന്നിച്ച് പ്രവർത്തിച്ച നേതാവു കൂടിയായിരുന്നു ആര്യാടൻ മുഹമ്മദ്.
ഏതു വിഷയത്തിലും പെട്ടെന്ന് പഠിച്ച് വ്യക്തമായ മറുപടി നൽകാൻ കഴിയുന്ന നേതാവു കൂടിയായിരുന്നു അദ്ദേഹമെന്നും ബെന്നി ബെഹനാൻ പറഞ്ഞു. നിലന്പൂർ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ചു.
എം.കെ. രാഘവൻ എംപി, പി.വി. അബ്ദുൾ വഹാബ് എംപി, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം കെ.ടി. കുഞ്ഞാൻ, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.എച്ച്. ഇഖ്ബാൽ, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബാബു മോഹനക്കുറപ്പ്, മഹിളാ കോണ്ഗ്രസ് ജില്ലാ സെക്രട്ടറി ഇൽമുന്നീസ, എ. ഗോപിനാഥ്, പട്ടിക്കാടൻ ഷാനവാസ്, പാനായി ജേക്കബ്, ഷീബ പുഴിക്കുത്ത് തുടങ്ങിയവർ പ്രസംഗിച്ചു. അനുസ്മരണത്തിന് മുന്നോടിയായി ആര്യാടൻ മുഹമ്മദിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ കോർത്തിണക്കിയ ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.