ലൈഫ് ഗുണഭോക്താക്കളെ വണ്ടി ചെക്ക് നൽകി കബളിപ്പിച്ചതായി ആക്ഷേപം
1338603
Wednesday, September 27, 2023 1:17 AM IST
എടക്കര: ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഗുണഭോക്താക്കളെ വണ്ടി ചെക്ക് നൽകി കബളിപ്പിച്ചതായി ആക്ഷേപം.
പഞ്ചായത്തിലെ 76 ലൈഫ് ഗുണഭോക്താക്കളെയാണ് വണ്ടി ചെക്ക് നൽകി കബളിപ്പിച്ചതായി പരാതി. ലോണ്‍ ഇനത്തിലും സർക്കാർ വിഹിതമായി കിട്ടിയ തുക ഇനത്തിലും അക്കൗണ്ടിൽ പണം ഉണ്ടായിരിക്കെ ഒരു രൂപ പോലും നീക്കിയിരിപ്പില്ലാത്ത അക്കൗണ്ടിന്റെ ചെക്ക് നൽകിയാണ് ഗുണഭോക്കത്താക്കളെ വഞ്ചിച്ചത്.
രണ്ടാഴ്ചയായി ഗുണഭോക്താകൾ പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയിട്ടും തുക മാറാൻ കഴിഞ്ഞില്ല. ചെക്ക് ബാങ്കിൽ നൽകിയിട്ടുണ്ട് എന്ന മറുപടിയാണ് ഗ്രാമപഞ്ചായത്ത് അധികൃതർ ഗുണഭോക്താക്കൾക്ക് നൽകിയത്.
ഗുണഭോക്താക്കളായ ചിലർ ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് പഞ്ചായത്തിന്റെ ഈ അക്കൗണ്ടിൽ ഒരു രൂപ പോലും നീക്കിയിരിപ്പ് ഇല്ലെന്ന് അറിഞ്ഞത്. ഗുണഭോക്താക്കളിൽ ഭൂരിപക്ഷവും വീടിന്റെ മെയിൻ സ്ലാബ് വാർപ്പിനായി കരുതിയിരുന്ന തുകയാണിത്.
തുലാവർഷത്തിന് മുന്‍പ് സർക്കാർ അനുവദിച്ച പണമുപയോഗിച്ച് വീടിന്റെ വാർപ്പ് നടത്താമെന്നു കണക്കു കൂട്ടിയ ഗുണഭോക്താക്കൾ ഇപ്പോൾ വഞ്ചിതരായിരിക്കുകയാണ്. പ്രായമായവരും രോഗികളും കുട്ടികളുമുള്ള വീടുകളിൽ ചോർന്നൊലിക്കാത്ത ഒരു കൂര മോഹിച്ചവരുടെ സ്വപ്നങ്ങളാണ് ഇല്ലാതായിരിക്കുന്നത്.
പഞ്ചായത്ത് സെക്രട്ടറിയുടെ ഒരാഴ്ചത്തെ അവധിക്ക് ശേഷം മാത്രമേ 79 കുടുംബങ്ങൾക്ക് ഈ തുക മാറാൻ കഴിയുകയുള്ളൂ. ഗ്രാമപഞ്ചായത്തിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫ് ചുങ്കത്തറ പഞ്ചായത്ത് കമ്മിറ്റി സമര പരിപാടികൾ ആവിഷ്ക്കരിക്കാനുള്ള തയാറെടുപ്പിലാണ്.