കളക്ടറുടെ പൊതുജന പരാതിപരിഹാര സംവിധാനം; മലപ്പുറം മാതൃക മറ്റു ജില്ലകളിലേക്കും
1338344
Tuesday, September 26, 2023 12:27 AM IST
മലപ്പുറം: ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ തുടങ്ങി വച്ച പരാതികളും നിവേദനങ്ങളും ഓണ്‍ലൈൻ സംവിധാനത്തിലേക്ക് മാറ്റുന്ന മലപ്പുറം മാതൃക മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. പദ്ധതിക്ക് തുടക്കമിട്ട് ഒരു വർഷം പിന്നിട്ടപ്പോൾ മലപ്പുറം ജില്ലയിൽ ഇതുവരെ നാലായിരത്തോളം അപേക്ഷകളാണ് പൊതുജനങ്ങളിൽ നിന്നു പോർട്ടലിലൂടെ സ്വീകരിച്ചത്.
കളക്ടറേറ്റിലെ പിജിആർ (പബ്ലിക് ഗ്രീവിയൻസ്) സെൽ വഴി ഓഫ് ലൈനായി നൽകിയിരുന്ന സേവനമാണ് കൂടുതൽ സുതാര്യമാക്കി ഓണ്‍ലൈനാക്കി മാറ്റിയത്. ഇതുവഴി ഗുണഭോക്താവിന് തന്റെ പരാതിയിൽ മേൽ സ്വീകരിച്ച നടപടികൾ വീട്ടിലിരുന്ന് തന്നെ അറിയാനാകും. മലപ്പുറം ജില്ലയിൽ തുടക്കമാവുകയും പിന്നീട് സംസ്ഥാനം മുഴുവനായും നടപ്പാക്കുകയും ചെയ്ത ഇ-ഡിസ്ട്രിക്ട് പോർട്ടൽ വഴിയാണ് പുതിയ സേവനവും നൽകി വരുന്നത്.
നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററും കേരള സ്റ്റേറ്റ് ഐടി മിഷനുമാണ് ജില്ലാ ഭരണകൂടത്തിനായി ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയത്. ഐടി മിഷൻ മലപ്പുറം ജില്ലാ ഓഫീസാണ് വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം ഉൾപ്പെടെ സാങ്കേതിക സഹായം നൽകുന്നത്.
ഒരു വർഷം മുന്‍പാണ് ജില്ലാ കളക്ടറുടെ ഓണ്‍ലൈൻ പൊതുജന പരാതി പരിഹാര സംവിധാനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തത്. ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടു എന്തായി എന്നറിയാൻ കളക്ടറ്റേറ്റിലെ ഓഫീസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ടതില്ലെന്നതാണ് ഇതിന്റ പ്രധാന ആകർഷണം.
കളക്ടറേറ്റിൽ പരാതി നൽകാനെത്തുന്നവർക്ക് പബ്ലിക് ഗ്രീവിയൻസ് സെല്ലിൽ നിന്നു ലഭിക്കുന്ന ടോക്കണിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറെ കണ്ടു പരാതി ബോധിപ്പിക്കാം. തുടർന്ന് ബന്ധപ്പെട്ട പരാതി ഏതു വകുപ്പിലേക്കാണോ കൈമാറേണ്ടത് എന്നതുൾപ്പെടെയുള്ള കളക്ടറുടെ നിർദേശവും രേഖപ്പെടുത്തി പബ്ലിക് ഗ്രീവിയൻസ് സെല്ലിന് കൈമാറും.
ഇവിടെ നിന്നു പരാതി സ്കാൻ ചെയ്ത് പോർട്ടിലേക്ക് ചേർക്കുകയും തുടരന്വേഷണങ്ങൾക്കായി ഒരു അപ്ലിക്കേഷൻ നന്പർ ഗുണഭോക്താവിന് നൽകുകയും ചെയ്യും. ഈ അപ്ലിക്കേഷൻ നന്പർ ഉപയോഗിച്ച് പരാതിയിൽ സ്വീകരിച്ച നടപടികൾ ഗുണഭോക്താവിന് എവിടെയിരുന്നും മനസിലാക്കാനുമാകും. പോർട്ടലിൽ നിന്നു ബന്ധപ്പെട്ട വകുപ്പ് പരാതിയിൽ ആവശ്യമായ നടപടികൾ എടുക്കുകയും ആ വിവരം ഗുണഭോക്താവിന് നൽകുകയും ചെയ്യും. പരാതിയിൽ നടപടികൾ സ്വീകരിച്ചാൽ ആ വിവരം എസ്എംഎസ് സന്ദേശമായി മൊബൈൽ നന്പറിലൂടെ അറിയിക്കും.
കൂടാതെ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന ബന്ധപ്പെട്ട വകുപ്പിന്റെ രേഖാമൂലമുള്ള മറുപടിയും അപ്ലിക്കേഷൻ നന്പറിന്റെ സഹായത്തോടെ tthsp://edstiritc.kerala.gov.in/ എന്ന പോർട്ടലിൽ ഗുണഭോക്താവിന് ലഭ്യമാക്കും.