"പ്രവാചക ജീവിതത്തിൽ നിന്നു വെളിച്ചം പകർന്നെടുക്കുക’
1338343
Tuesday, September 26, 2023 12:27 AM IST
പെരിന്തൽമണ്ണ : തിരു നബിയുടെ യാഥാർഥ്യം ഉൾകൊള്ളുന്പോഴേ പ്രവാചകസ്നേഹം ആർജിക്കാനാകൂവെന്നും സംസ്കരണം സിദ്ധിച്ച ആത്മജ്ഞാനികളുടെ സഹവാസത്തിലൂടെ ഇതു കരഗതമാക്കണമെന്നും സിൽസിലാ നൂരിയ്യ ജാനശീൻ സയ്യിദ് അഹ്മദ് മുഹ്യിദ്ദിൻ ജീലാനി നൂരിശാ സാനി ഹൈദരാബാദ് പ്രസ്താവിച്ചു.
മഹത്തുക്കളുടെ ജീവിത വായന നൻമകളിലേക്കും മൂല്യങ്ങളിലേക്കും വഴി തെളിയിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പെരിന്തൽമണ്ണ മർകസ് ഖാൻഖാഹെ നൂരിയ്യയുടെ ആഭിമുഖ്യത്തിൽ ശിഫാ കണ്വൻഷൻ സെന്ററിൽ സംഘടിപ്പിച്ച ളൂഹൂറെ നൂർ മീലാദാഘോഷ സീറത്തെ ആരിഫ് പ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. "സീറത്തെ ആരിഫ് -ആത്മജ്ഞാന ലോകത്തെ സൂര്യ തേജസ് ’എന്ന സിൽസിലാ നൂരിയ്യ ജാനശീനായിരുന്ന സയ്യിദ് മുഹമ്മദ് ആരിഫുദ്ദിൻ ജീലാനിയുടെ ജീവചരിത്ര ഗ്രന്ഥം സിൽസിലാ നൂരിയ്യ കേരള സംസ്ഥാന പ്രസിഡന്റ് യുസുഫ് നിസാമീശാഹ് സുഹൂരി നൂരിക്ക് നൽകി അദ്ദേഹം പ്രകാശനം ചെയ്തു.
സയ്യിദ് മള്ഹറുദ്ദിൻ ജീലാനി, അലവി മുസ്ലിയാർ നാവാസീശാഹ് സുഹൂരി, എം.എ. നൂർ മുഹമ്മദ് മുസ്ലിയാർ, ടി.പി. മുനീറുദ്ദിൻ നിസാമി, സി.എം. അബ്ദുൾ ഖാദിർ മുസ്ലിയാർ, പി.ടി. ഹുസൈൻ ബാഖവി, മൂസ മുസ്ലിയാർ കരുവാരകുണ്ട്, മൊയ്തീൻകുട്ടി മുസ്ലിയാർ പെരുവയൽ, അഷ്റഫ് ബിൻ അലി, സി. മൂസ ബാഖവി, പി. പി. കാജാ മുഹ്യിദ്ദിൻ എന്നിവർ സംബന്ധിച്ചു.