ജനക്ഷേമ പദ്ധതികൾ സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ പ്രാദേശിക മാധ്യമങ്ങൾക്ക് നിർണായക പങ്ക്: പദ്മശ്രീ ബാലൻ പൂതേരി
1337449
Friday, September 22, 2023 2:48 AM IST
പെരിന്തൽമണ്ണ: കേന്ദ്ര സർക്കാർ വിവിധ ജനക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനങ്ങളിലേക്കെത്തിക്കുന്നതിൽ മാധ്യമ പ്രവർത്തകർ പ്രത്യേകിച്ച് പ്രാദേശിക പത്രപ്രവർത്തകർ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പത്മശ്രീ ബാലൻ പൂതേരി.
പെരിന്തൽമണ്ണയിൽ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച പ്രാദേശിക മാധ്യമ ശിൽപശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ ജീവിത പുരോഗതിയെ ലക്ഷ്യം വച്ചുള്ള ഒട്ടനവധി പദ്ധതികളും പരിപാടികളുമാണ് കേന്ദ്ര സർക്കാർ നടപ്പാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) പെരിന്തൽമണ്ണ പ്രസ് ഫോറം, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (സിബിസി)പാലക്കാട് ഓഫീസ് എന്നിവയുമായി ചേർന്നാണ് പെരിന്തൽമണ്ണയിൽ ശില്പശാല സംഘടിപ്പിച്ചത്.
പിഐബി, കേരള ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ സാന്പത്തിക സാക്ഷരതാ കൗണ്സിലർ പി.വി. രാമൻ കുട്ടി, മുതിർന്ന മാധ്യമ പ്രവർത്തകൻ അശോക് ശ്രീനിവാസ്, എൻ.പി.സി. രഞ്ജിത് തുടങ്ങിയവർ ക്ലാസെടുത്തു.
പിഐബി കൊച്ചി ഡയറക്ടർ രശ്മി റോജ തുഷാര നായർ, പാലക്കാട് സിബിസിയിലെ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം. സ്മിതി, ആകാശവാണി ന്യൂസ് മലപ്പുറം പാർട്ട്ടൈം കറസ്പോണ്ടന്റ സുരേഷ് എടപ്പാൾ, ദൂരദർശൻ ന്യൂസ് സ്ട്രിംഗർ പി.ആർ. ഹരികുമാർ, അബ്ദുൾ ബഷീർ, സുബിൻ പുളിക്കത്തറ, പെരിന്തൽമണ്ണ പ്രസ് ഫോറം പ്രസിഡന്റ് എ. രാധാകൃഷ്ണൻ, സെക്രട്ടറി ടി.ജെ. ജെയിംസ്, കൊച്ചി പിഐബിയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസർ ഷാമില എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകനായ പി.എ.എം. അബ്ദുൾ ഖാദറിനെ ആദരിച്ചു.