കരുവാരകുണ്ട് പഞ്ചായത്തിൽ വിജിലൻസ് സ്ക്വാഡുകൾ 25 മുതൽ രംഗത്തിറങ്ങും
1337441
Friday, September 22, 2023 2:46 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ അശ്രദ്ധമായി മാലിന്യം വലിച്ചെറിയുന്നവർക്കും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്നവർക്കും ഇനി മുതൽ കനത്ത ശിക്ഷ. അത്തരക്കാരെ കണ്ടെത്താൽ കരുവാരകുണ്ടിൽ വിജിലൻസ് സ്ക്വാഡുകൾ 25 മുതൽ രംഗത്തിറങ്ങും. നിയമ ലംഘകർക്ക് 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴയും ആറു മാസം മുതൽ ഒരു വർഷം വരെ തടവുശിക്ഷയും ലഭിക്കും.
കരുവാരകുണ്ട് മരുതിങ്ങൽ കാളികാവ് റോഡരികിൽ മാലിന്യം നിക്ഷേപിച്ചയാളെ കണ്ടെത്തി കഴിഞ്ഞ ദിവസം പതിനായിരം രൂപ പിഴയും ചുമത്തി. റോഡരികിൽ വൃത്തിഹീനമായ കുട്ടികളുടെ നാപ്കിനും മറ്റും നിക്ഷേപിച്ചയാളെയാണ് ഗ്രാമപഞ്ചായത്ത് അധികൃതർ കണ്ടെത്തി പിഴയടപ്പിച്ചത്.
മാലിന്യത്തിൽ നിന്ന് ലഭിച്ച വൈദ്യുതി ബില്ലിൽ ഉണ്ടായിരുന്ന ഫോണ് നന്പർ ഉപയോഗിച്ചാണ് മാലിന്യം നിക്ഷേപിച്ചയാളെ കണ്ടെത്തിയത്. വരും ദിവസങ്ങളിൽ കർശനമായ പരിശോധനയും നടപടികളും തുടരുമെന്നും അധികൃതർ അറിയിച്ചു.