കരിപ്പൂർ ഭൂമി ഏറ്റെടുക്കൽ: നഷ്ടപരിഹാര തുക വിതരണം തുടങ്ങി
1337231
Thursday, September 21, 2023 7:29 AM IST
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള വികസനത്തിന് എറ്റെടുക്കുന്ന ഭൂമിയുടെ ഉടമകൾക്കുള്ള നഷ്ടപരിഹര തുക വിതരണം തുടങ്ങി. ഏട്ടു പേർക്കായി 4.29 കോടി രൂപ കൈമാറി.
ഇവരിൽ നിന്ന് ഒന്നേകാൽ ഏക്കർ ഭൂമി ഏറ്റെടുത്തു. പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിലായി 80 ഭൂവുടമകളിൽ നിന്നാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഇതിൽ 30 പേരാണ് രേഖകൾ കൈമാറിയത്.
25-നുള്ളിൽ രേഖകൾ കൈമാറാത്തവർക്ക് നേരിട്ട് നഷ്ടപരിഹാരത്തുക ലഭിക്കില്ല. ഇവരുടെ പണം കോടതിയിൽ കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. ഇപ്പോൾ ഭൂമി കൈമാറിയവരിൽ വീടു നഷ്ടപ്പെടുന്നവരില്ല. വീട് നഷ്ടപ്പെടുന്നവർക്ക് കുടിയൊഴിയാനായി രണ്ടാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്.
വീടൊഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ ഇവർക്കുള്ള പ്രത്യേക പുനരധിവാസ പാക്കേജ് പ്രകാരമുള്ള 10 ലക്ഷം രൂപയും ഭൂമിയുടെയും മറ്റു ആസ്തികളുടെയും നഷ്ടപരിഹാരത്തുക കൈമാറുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു. കരിപ്പൂരിൽ റണ്‍വേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നിർമാണത്തിനായാണ് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കുന്നത്. കഴിഞ്ഞ 15-നുള്ളിൽ ഭൂമി ഏറ്റെടുത്ത് കൈമാറാമെന്ന് കേന്ദ്ര സർക്കാരിനു സംസ്ഥാന സർക്കാർ ഉറപ്പു നൽകിയതായിരുന്നു. എന്നാൽ നടപടികൾക്ക് വേണ്ടത്ര വേഗമില്ലാതായതോടെ വാക്കുപാലിക്കാനായില്ല.