പാതയോരത്തെ മാലിന്യ നിക്ഷേപം ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ വൃത്തിയാക്കി
1337000
Wednesday, September 20, 2023 7:55 AM IST
കരുവാരകുണ്ട്: ജനത്തിരക്കേറിയ കിഴക്കേത്തല ടൗണിന് സമീപം പാതയോരത്ത് മാലിന്യങ്ങൾ നിക്ഷേപിച്ചതായുള്ള പരാതിയെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പഞ്ചായത്തധികൃതരും ഹരിത കർമ്മ സേന അംഗങ്ങളും പ്രദേശം വൃത്തിയാക്കി. കരുവാരകുണ്ട് മരുതിങ്ങൽ കാളികാവ് റോഡിൽ സ്വകാര്യ ക്ലിനിക്കിന് സമീപമുള്ള പൊതുവഴിയിലാണ് ചാക്കു കണക്കിന് മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കുന്ന നാപ്കിനുകളും മാലിന്യം കലർന്ന മറ്റു പാഴ്വസ്തുക്കളുമാണ് കൂട്ടമായി പാതയോരത്ത് നിക്ഷേപിച്ചിരുന്നത്. ദിനേന നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന പാതയാണിത്. ഗ്രാമപഞ്ചായത്ത് ഓഫീസ് കാര്യാലയത്തിന് ഏറെ അടുത്ത് സ്ഥിതി ചെയ്യുന്ന ഭാഗം കൂടെയാണിത്.
വിദ്യാർഥികളും യാത്രക്കാരും ഉൾപ്പെടെ കാൽനടയായും ഇതുവഴി ധാരാളം പേർ സഞ്ചരിക്കാറുണ്ട്. സ്വകാര്യ ക്ലിനിക്കുകളുടെ സമീപത്തായതിനാൽ നിരവധി രോഗികളും ഇതുവഴി കടന്നു പോവുകയും പരിസരത്ത് എത്തുകയും ചെയ്യാറുണ്ട്. നിക്ഷേപിച്ച മാലിന്യങ്ങളിൽ നിന്ന് ദുർഗന്ധം വമിക്കുകയും പുഴുക്കളരിക്കുകയും ചെയ്ത നിലയിലായിരുന്നു. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തിയിട്ടുണ്ടന്നും അവരെ മാതൃകാപരമായി ശിക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.