ചാരായ നിർമാണത്തിനുള്ള വാഷ് പിടിച്ചെടുത്തു
1336990
Wednesday, September 20, 2023 7:55 AM IST
നിലന്പൂർ: ചാലിയാർ ഗ്രാമപ്പഞ്ചായത്തിലെ പെരുന്പത്തൂർ കാനക്കുത്ത് വനമേഖലയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 665 ലിറ്റർ വാഷ് കണ്ടെത്തി. അലൂമിനിയം കലത്തിൽ സൂക്ഷിച്ച 25 ലിറ്റർ വാഷാണ് ആദ്യം കണ്ടെത്തിയത്.
തുടർന്ന് ജനമൈത്രി എക്സൈസ് സ്ക്വാഡ് ജീവനക്കാർ വേങ്ങാട് ഗോത്രവർഗ കോളനിയിൽ നടത്തിയ ഉൗര് സന്ദർശനത്തിലാണ് തലേ ദിവസം നാട്ടിലിറങ്ങിയ ആന നേരം വെളുത്തിട്ടും കാട് കയറാതെ മത്ത് പിടിച്ച് നടക്കുന്നത് കണ്ടത്. ഇത് വാഷ് കുടിച്ചിട്ടാകാമെന്നും സ്ഥലത്തെവിടെയെങ്കിലും വാഷ് കേന്ദ്രങ്ങൾ ഉണ്ടാകാമെന്നും കോളനി നിവാസികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിലന്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് വാഷ് കേന്ദ്രം കണ്ടെത്തിയത്.
ആന ചവിട്ടിയ അടയാളം നോക്കിയാണ് ഉദ്യോഗസ്ഥർ മല കയറിയത്. കന്നാസുകളിലും കുഴികുത്തി പ്ലാസ്റ്റിക് വിരിച്ചുമാണ് നോട്ടക്കാരില്ലാത്ത കൃഷിയൊന്നും ചെയ്യാത്ത സ്വകാര്യ വ്യക്തിയുടെ പറന്പിൽ വാഷ് സൂക്ഷിച്ചിരുന്നത്. 640 ലിറ്ററോളം വാഷാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. കേസിന്റെ നടപടികൾ പൂർത്തിയാക്കി ബാക്കി വാഷ് സ്ഥലത്ത് വച്ച് നശിപ്പിച്ചു. കുഴികുത്തി സൂക്ഷിച്ച വാഷാണ് ആന കുടിക്കാൻ സാധ്യതയെന്ന് കരുതുന്നു.
സംഭവത്തിൽ എക്സൈസ് രണ്ട് കേസുകൾ എടുത്തു. പ്രതികളെ കണ്ടെത്തിയിട്ടില്ല. ആദിവാസി വിഭാഗങ്ങളിലെ മദ്യപാനശീലം ചൂഷണം ചെയ്താണ് അനധികൃത വാറ്റ് നടത്തുന്നതെന്ന് സൂചനയുണ്ട്. കേസിൽ തുടരന്വേഷണം നടത്തി കുറ്റകാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ. രതീഷ് പറഞ്ഞു.
രണ്ട് കേസുകളിലെയും തൊണ്ടി മുതലുകൾ നിലന്പൂർ റേഞ്ച് ഓഫീസിൽ ഹാജരാക്കി. ജനമൈത്രി എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ബിജു പി. ഏബ്രഹാം, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് ബാബു, ബി. ഹരിദാസൻ, മുസ്തഫ ചോലയിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. സതീഷ്, ജി. അഭിലാഷ്, ജെ. പ്രവീണ്, പി.സി. ജയൻ, എം. ജംഷീദ്, കെ. നിഥിൻ, ഡ്രൈവർ മഹമൂദ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.