പെരിന്തൽമണ്ണയിൽ മാലിന്യം ഏറ്റുവാങ്ങാൻ "ഈ പറക്കും തളിക’
1336743
Tuesday, September 19, 2023 7:37 AM IST
പെരിന്തൽമണ്ണ: നഗരസഭാ ഓഫീസിന് മുന്നിലെ ഈ പഴയ ബസ് കണ്ടാൽ ആർക്കും വെള്ളിത്തിരയിലെ "ഈ പറക്കും തളിക’ ഓർമ വരും. ദിലീപും ഹരിശ്രീ അശോകനുമൊക്കെ ചേർന്ന് മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ആ സിനിമയിലെ പൊട്ടിപൊളിഞ്ഞ "താമരാക്ഷൻപിള്ള’ എന്ന പേരിലുള്ള ബസ് പോലൊരു ബസ് ഇപ്പോൾ പെരിന്തൽമണ്ണയിൽ കാണാം.
പഴയതാണെങ്കിലും ചെയ്യുന്ന കാര്യം മഹത്തരമാണ്. നഗരത്തിലെ മാലിന്യം സംഭരിക്കാനുള്ള ഇടമായി ഈ ബസ് മാറി കഴിഞ്ഞു.പെരിന്തൽമണ്ണ നഗരസഭയുടെ എംസിഎഫ് അതായത് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി ആണിത്. ശുചിത്വ മിഷന്റെ ഭാഗമായാണ് ഇത്തരമൊരു സംവിധാനം ആവിഷ്കരിച്ചത്.
നഗരസഭാ കാര്യാലയത്തിന് മുന്നിൽ സ്ക്രാപ്പിൽ കിടന്നിരുന്ന ഒരു ബസാണ് ഈവിധം മാറിയത്. പെരിന്തൽമണ്ണ പോളിടെക്നിക്കിലെ എൻഎസ്എസ് വിദ്യാർഥികളുടെ സഹായത്തോടെ ആർട്ടിസ്റ്റ് ചന്ദ്രനാണ് ഈ കലാസൃഷ്ടിക്ക് പിന്നിൽ. സിനിമയിലെ കഥാപാത്രങ്ങളായ ഉണ്ണികൃഷ്ണനും സുന്ദരേശനും ബസന്തിയും സി.ഐ വീരപ്പൻ കുറുപ്പുമൊക്കെ മിഴിവോടെ ബസിൽ ചിത്രരൂപത്തിലുണ്ട്.
സംസ്ഥാനത്തെ മിക്ക നഗരസഭകളിലും പഞ്ചായത്തിലുമൊക്കെ എംസിഎഫ് സംവിധാനം ഉണ്ടെങ്കിലും ഇത്തരത്തിൽ ആകർഷകമായ ഒന്ന് വേറെ കാണില്ല. പെരിന്തൽമണ്ണ നഗരസഭ ഓഫീസ് പരിസരത്തെ വിവിധ വാർഡുകളിലെ വീടുകളിൽ നിന്നും കടകളിൽ നിന്നുമുള്ള മാലിന്യമാണ് ഇവിടെ ശേഖരിക്കുന്നത്.