മേലാറ്റൂർ: അനധികൃതമായി കരിങ്കൽ ഖനനം നടത്തിയ കേസിൽ അഞ്ചു പേർ അറസ്റ്റിൽ. വെട്ടത്തൂർ തെക്കൻമല തേലക്കാട് ഭാഗത്തുള്ള ക്വാറിയിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഖനനം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേലാറ്റൂർ പോലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. രണ്ട് ടിപ്പർ ലോറിയും ഒരു മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു. അട്ടപ്പാടി ചാവടിയൂർ സ്വദേശി പാലക്കിയൂർ വീട്ടിൽ ജയപാലൻ (43), തമിഴ്നാട് കൃഷ്ണഗിരി മാത്തൂർ സ്വദേശി പൂവശൻ (23), നാട്ടുകൽ കൊടക്കാട് സ്വദേശി ചുങ്കത്ത് പടിക്കൽ വീട്ടിൽ നാരായണൻ (57), കോട്ടോപ്പാടം സ്വാദേശി ചള്ളപ്പുറത്ത് വീട്ടിൽ ഉമേഷ് (32), ഭീമനാട് സ്വദേശി പുത്തൻപീടിക വീട്ടിൽ ബഷീർ (48) എന്നിവരാണ് അറസ്റ്റിലായത്.
സ്ഥലം ഉടമകളായ വെട്ടത്തൂർ കോട്ടയിൽ കൃഷ്ണൻ, കോറുകാടൻ സത്താർ, നടത്തിപ്പുകാരൻ കോട്ടോപ്പാടം കച്ചേരിപ്പടി ഗഫൂർ എന്നിവർ ഒളിവിലാണ്. വാഹനങ്ങൾക്ക് പുറമെ മൂന്ന് ഇലക്ട്രിക് ഡിറ്റനേറ്ററുകൾ, അഞ്ചു ജലാറ്റിൻ സ്റ്റിക്കുകൾ, കന്പ്രസർ തുടങ്ങിയവയും പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെ അഞ്ചു മണി മുതൽ ഉച്ചയ്ക്ക് 11 വരെ പരിശോധന തുടർന്നു. ഒരു മണിയോടെ മലപ്പുറത്തു നിന്ന് സയന്റിഫിക് ഓഫീസറും ബോംബ് ഡിറ്റക്ഷൻ ടീമും സ്ഥലത്ത് പരിശോധന നടത്തി. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.സിഐ കെ.ആർ.രഞ്ജിത്ത്, എസ്സിപിഒ ജോർജ് സെബാസ്റ്റ്യൻ, പോലീസുകാരായ വിനോദ്, ഷിജു, പ്രമോദ്, ജോണ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.