തകരാർ കണ്ടെത്തിയ ആറു സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി
1300660
Wednesday, June 7, 2023 12:02 AM IST
തിരൂർ: രണ്ടുമാസം സമയം ലഭിച്ചിട്ടും തകരാറുകൾ പരിഹരിക്കാതെ നിരത്തിലിറങ്ങിയ സ്കൂൾ വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വിദ്യാർഥികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താൻ സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. സ്കൂളുകളിൽ നേരിട്ട് എത്തിയാണ് ഓരോ വാഹനവും ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. എൻഫോഴ്സ്മെന്റ് എംവിഐ ടി. അനുപ് മോഹന്റെ നേതൃത്വത്തിലാണ് തിരൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ആദ്യഘട്ടത്തിൽ മിന്നൽ പരിശോധന നടത്തിയത്.
പരിശോധനയിൽ സ്പീഡ് ഗവർണർ ഇല്ലാതെയും ഹാൻഡ് ബ്രേക്കിനും ബ്രേക്കിനും എയർ ബ്രേക്കിനും തകരാർ കണ്ടെത്തിയ ആറു സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി. വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ സ്കൂളുകളിലെത്തി പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എംവിഐ ടി. അനുപ്മോഹൻ, എഎംവിഐമാരായ വി. രാജേഷ്, പി.കെ. മനോഹരൻ, എം. സലീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളുകളിലെത്തി പരിശോധന നടത്തിയത്.