ചാരായ നിർമാണത്തിനുള്ള വാഷ് പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ
1300210
Monday, June 5, 2023 12:08 AM IST
നിലന്പൂർ: ചാരായ നിർമാണത്തിനു വേണ്ടി സൂക്ഷിച്ച വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു. കൽക്കുളം ഒളവണ്ണ രാധാകൃഷ്ണ (46) നെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ. രതീഷ് അറസ്റ്റ് ചെയ്തത്.
നിലന്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മൂത്തേടം കൽക്കുളത്ത് നടത്തിയ പരിശോധനയിലാണ് രണ്ടു സ്ഥലങ്ങളിൽ നിന്നായി 67 ലിറ്റർ വ്യാജവാറ്റിന് പാകപ്പെടുത്തി രണ്ടു കുടങ്ങളിലായി സൂക്ഷിച്ച വാഷ് കണ്ടെത്തിയത്. 38 ലിറ്റർ വാഷ് ആൾതാമസമുള്ള വീട്ടിൽ സൂക്ഷിച്ചതിനാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്.
തുടർന്നു ഇയാളുടെ സഹോദരനായ ശിവദാസന്റെ വീടിന്റെ പരിസരത്ത് നടത്തിയ പരിശോധനയിൽ രണ്ടു കുടങ്ങളിലായി സൂക്ഷിച്ച 31 ലിറ്റർ വാഷ് കണ്ടെത്തി. സംഭവത്തിൽ എക്സൈസ് വിഭാഗം രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു.
കാരപ്പുറം, കൽക്കുളം ഭാഗങ്ങൾ കേന്ദ്രീകരിച്ച് അനധികൃത വാറ്റും മദ്യവിൽപ്പനയും നടക്കുന്നതായി താലൂക്ക് സഭയിലും പരാതി ഉയർന്നിരുന്നു. പ്രതി രാധാകൃഷ്ണനെയും തൊണ്ടിമുതലുകളും നിലന്പൂർ റേഞ്ച് ഓഫീസിൽ ഹാജരാക്കി.
31 ലിറ്റർ വാഷ് കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തും. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ആർ.പി. സുരേഷ്ബാബു, പി.കെ. പ്രശാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ്, സി.കെ. റംഷുദ്ദീൻ, ജി. അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു.
കേസ് അന്വേഷണത്തിനായി കേസ് റിക്കാർഡുകളും തൊണ്ടി സാധനങ്ങളും നിലന്പൂർ എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി.