ഇടിവണ്ണയിലും പരിസരത്തും മദ്യവിൽപ്പന സംഘങ്ങൾ സജീവം
1299580
Friday, June 2, 2023 11:52 PM IST
നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ, കരിന്പായകോട്ട ഭാഗങ്ങൾ കേന്ദ്രീകരിച്ചു മദ്യവിൽപ്പനക്കാർ സജീവം. പോലീസും എക്സൈസും മിക്ക സമയങ്ങളിലും കടന്നുപോകുന്ന ഇടിവണ്ണ അങ്ങാടിയും കരിന്പായകോട്ടയും കേന്ദ്രീകരിച്ചാണ് ഇന്ത്യൻ നിർമിത വിദേശമദ്യം വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നത്. പത്തിലേറെ പേരാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. കരിന്പായകോട്ട കേന്ദ്രീകരിച്ച് വിദേശമദ്യത്തിനു പുറമെ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപ്പനയും പൊടിപൊടിക്കുകയാണ്. ചാലിയാർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കരിന്പായ കോട്ടയിലെയും സമീപ പ്രദേശങ്ങളിലേയും ലഹരി വിൽപ്പന തടയാൻ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
വിദേശമദ്യം ചില്ലറ വിൽപ്പനയായതിനാൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആവശ്യക്കാർ രാവിലെ മുതൽ ഇടിവണ്ണയിലേക്ക് എത്തും. 30 രൂപക്ക് മുതൽ മദ്യം ലഭിക്കുമെന്നാണ് പലരും പറയുന്നത്. മദ്യവിൽപ്പന നടത്തുന്നവർക്ക് 1500 മുതൽ 2500 രൂപ വരെ ദിവസം ലഭിക്കും.
പോലീസും എക്സൈസും കാര്യമായ പരിശോധന നടത്തുന്നില്ലെന്നാണ് വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തുന്നു. മദ്യ വിൽപ്പനക്കാർ ഇടിവണ്ണ കേന്ദ്രമാക്കിയത് പ്രദേശവാസികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നിലന്പൂരിലെ ബിവ്റേജ്സ് ഒൗട്ട്ലെറ്റിൽ നിന്ന് വാങ്ങുന്ന മദ്യമാണ് രണ്ടും മൂന്നും ഇരട്ടി ലാഭം എടുത്ത് വിൽപ്പന നടത്തുന്നത്.