മാലിന്യമുക്തം നവകേരളം: ഹരിതസഭകൾ അഞ്ചിന്
1299574
Friday, June 2, 2023 11:52 PM IST
മലപ്പുറം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മാലിന്യമുക്തം നവകേരളം കാന്പയിനിന്റെ ഭാഗമായി ജില്ലയിലെ നഗരസഭാ, ഗ്രാമപഞ്ചായത്ത് തലങ്ങളിൽ സംഘടിപ്പിക്കുന്ന ഹരിത സഭകൾ അഞ്ചിനു നടക്കും. പദ്ധതി പൂർത്തീകരണത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിച്ച നടപടികൾ വിശകലനം ചെയ്യുന്നതിനും പുരോഗതി വിലയിരുത്തുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാന്പയിനിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന പ്രവർത്തനങ്ങളുടെയും സമഗ്ര റിപ്പോർട്ട് ഹരിതസഭയിൽ അവതരിപ്പിക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ശാസ്ത്ര, സാംസ്കാരിക സംഘടനാ പ്രതിനിധികൾ, തൊഴിലാളി യുവജന സർവീസ് സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്നു ഒരു വിദഗ്ധ പാനലിന്റെ സാന്നിധ്യത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് ചർച്ചകളും നടക്കും. പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ എന്നിവയും ഉണ്ടായിരിക്കും.