അറുപത്തിമൂന്നുകാരിക്കു പെരിന്തൽമണ്ണ ജില്ലാശുപത്രിയിൽ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
1298875
Wednesday, May 31, 2023 5:16 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഇതാദ്യമായി കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. കുറ്റിപ്പുറം സ്വദേശിനിയായ ലക്ഷ്മിഅമ്മയുടെ (63) ഇടത്തെ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ജില്ലാ ആശുപത്രിയിൽ നടത്തിയത്.
സ്വകാര്യാശുപത്രികളിൽ രണ്ടുലക്ഷം രൂപക്ക് മുകളിൽ ഫീസ് ഈടാക്കിയാണ് കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നത്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഓർത്തോവിഭാഗം ഡോ.സി. അനൂപിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കഴിഞ്ഞ 19 നാണ് ലക്ഷ്മിഅമ്മ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
22 നായിരുന്നു ശസ്ത്രക്രിയ. ആറുമാസം മുന്പ് കുറ്റിപ്പുറം താലൂക്കാശുപത്രിയിൽ ഇതേ ഡോക്ടർ ലക്ഷ്മിഅമ്മയുടെ വലതുകാൽമുട്ട് ശാസ്ത്രക്രിയ ചെയ്തിരുന്നു. പിന്നീട് ഡോ.അനൂപ് പെരിന്തൽമണ്ണ ഗവണ്മെന്റ് ആശുപത്രിയിലേക്ക് സ്ഥലം മാറിയതോടെയാണ് ലക്ഷ്മിഅമ്മയുടെ ഇടത്തെകാലിന്റെയും ശസ്ത്രക്രിയക്കായി പെരിന്തൽമണ്ണയിൽ ജില്ലാശുപത്രിയിലെത്തിയത്.
വിദേശത്തു നിന്നു ഇറക്കുമതി ചെയ്ത ഉപകരണമാണ് ശസ്ത്രക്രിയയിലൂടെ കാൽമുട്ടിൽ ഘടിപ്പിക്കുക. ഉപകരണം ഇറക്കുമതി ചെയ്യാൻ പണം കണ്ടെത്തണം. ഡോക്ടർ അനൂപിനൊപ്പം ഡോ.സലീന, ഡോ. നൗഷ, നഴ്സുമാരായ രുഗ്മ, സന്ധ്യ, രഞ്ജിനി, ഷാന, ഗോപാലകൃഷ്ണൻ തുടങ്ങിയവർ ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ആറാം ദിവസം ലക്ഷ്മിഅമ്മ വാക്കറിന്റെ സഹായത്തോടെ വീട്ടിലേക്ക് മടങ്ങി.