നേർച്ചപ്പെട്ടികൾ കുത്തിപ്പൊളിച്ച് മോഷണം
1298160
Monday, May 29, 2023 12:03 AM IST
വളാഞ്ചേരി: മൂന്നാക്കൽ മസ്ജിദിലെ നേർച്ചപ്പെട്ടികൾ കുത്തിപ്പൊളിച്ച് മോഷണം. ഞായറാഴ്ച്ച പുലർച്ചെ ഒന്നരയോടെയാണ് മോഷണം നടന്നത്. സംഭവത്തിൽ വളാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
മൂന്നാക്കൽ മേലേ മസ്ജിദിലെ നേർച്ച പെട്ടികളാണ് മോഷ്ടാവ് ആയുധമുപയോഗിച്ച് തകർത്തത്. വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറകളുടെ കണക്ഷനുകളും വിഛേദിച്ച നിലയിലാണ്. സെക്യൂരിറ്റി ജീവനക്കാരൻ ഇല്ലാത്ത സാഹചര്യം മുതലെടുത്താണ് മോഷണം നടത്തിയത്. 80000 ത്തോളം രൂപ നഷ്ടപ്പെട്ടതെന്നാണ് കരുതുന്നത്. മസ്ജിദിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറ മറച്ചാണ് മോഷ്ടാവ് അകത്തുകയറിയിട്ടുള്ളത്. മോഷ്ടിക്കാൻ ഉപയോഗിച്ച ആയുധം ഉപേക്ഷിച്ച നിലയിൽ സംഭവ സ്ഥലത്തു നിന്നു പോലീസ് കണ്ടെടുത്തു. മുന്പും ഇതുപോലെ നേർച്ചപ്പെട്ടി കുത്തി തുറക്കാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. തുടർന്നു വഖഫ് ബോർഡ് സെക്യൂരിറ്റി ജീവനക്കാരനെ ഇവിടെ നിയമിച്ചിരുന്നു. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.