കുളത്തിൽ വീണ ഐഫോണ് അഗ്നിശമന സേനാംഗങ്ങൾ പുറത്തെടുത്തു
1298152
Monday, May 29, 2023 12:02 AM IST
പെരിന്തൽമണ്ണ: ആഴമുള്ള കുളത്തിൽ വീണ ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള ഐഫോണ് അഗ്നിശമന സേനാംഗങ്ങൾ പുറത്തെടുത്തു.
അങ്ങാടിപ്പുറം ഏറാംതോട് മീൻകുളത്തിക്കാവ് ക്ഷേത്രക്കുളത്തിലാണ് പാണ്ടിക്കാട് ഒറവംപുറത്തുള്ള എറിയാട് ശരത്തിന്റെ വിലപിടിപ്പുള്ള ഐഫോണ് അബദ്ധത്തിൽ വീണത്. ശരത്തും സുഹൃത്തുക്കളും ഏറെനേരം തെരച്ചിൽ നടത്തിയെങ്കിലും ഫോണ് ലഭിക്കാതെ വന്നപ്പോൾ പെരിന്തൽമണ്ണ അഗ്നിശമന നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു.
എട്ടു മീറ്ററോളം ആഴമുള്ളതും ചളി നിറഞ്ഞതുമായ കുളത്തിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. തുടർന്നു സ്കൂബ സെറ്റിന്റെ സഹായത്തോടെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മുഹമ്മദ് ഷിബിൻ, എം. കിഷോർ എന്നിവർ പത്തു മിനിറ്റോളം തെരച്ചിൽ നടത്തി ചളിയിൽ കുടുങ്ങിക്കിടന്നിരുന്ന ഐഫോണ് പുറത്തെടുത്തു ഉടമയ്ക്ക് നൽകുകയായിരുന്നു.
വിലകൂടിയ ഫോണ് ആയതിനാൽ യാതൊരു കേടുപാടുകളുമില്ലാതെ പ്രവർത്തിക്കാനായതിൽ ശരത് സന്തോഷം പ്രകടിപ്പിച്ചു. ഓഫീസർമാരായ അഷറഫുദീൻ, പി. മുരളി എന്നിവർ നേതൃത്വം നൽകി.