പെരിന്തൽമണ്ണ നഗരസഭ: ഓഡിറ്റ് റിപ്പോർട്ടിൽ രൂക്ഷവിമർശനം
1298150
Monday, May 29, 2023 12:02 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയുടെ 2021-22 കാലത്തെ ഭരണനിർവഹണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോർട്ടിൽ രൂക്ഷവിമർശനം. ലൈഫ് ഭവന സമുച്ചയത്തിൽ കുടിവെള്ള പൈപ്പ് നീട്ടൽ പ്രവൃത്തിക്ക് ഒബ് സർവ്ഡ് ഡേറ്റ തയാറാക്കിയതിലെ അപാകതമൂലം നരസഭക്ക് 3,21,886 രൂപയുടെ നഷ്ടം നേരിട്ടു.
ഇതു ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കാൻ നിർദേശിക്കുന്നുണ്ട്. കോലോതൊടി കോളനിയിലെ വീടുകളുടെ സംരക്ഷണ ഭിത്തി നിർമിച്ചതിലെ എസ്റ്റിമേറ്റ് തയാറാക്കിയതിലെ പോരായ്മ മൂലം 20070 രൂപ അധികമായി വന്നത് ഈടാക്കാനും റിപ്പോർട്ടിൽ നിർദേശമുണ്ട്. അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി ആക്ഷൻ പ്ലാൻ പ്രകാരം വിഭാവനം ചെയ്തതിന്റെ 38 ശതമാനം തൊഴിൽദിനങ്ങൾ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്.
തൊഴിലുറപ്പ് പദ്ധതിയിൽ 50063 തൊഴിൽ ദിനങ്ങൾക്കുള്ള കൂലി നൽകുന്നതിനായി 1,41,36,60 രൂപ വേണ്ടിടത്ത് 1,19,18,518 രൂപ മാത്രമാണ് ലഭ്യമാക്കിയത്. അതുകൊണ്ടു തന്നെ ഓഡിറ്റ് വർഷം 46,665 തൊഴിൽ ദിനങ്ങൾ മാത്രമാണ് നൽകിയത്. 2021-22 വർഷത്തിൽ ആക്ഷൻ പ്ലാനിൽ കിണർ റീചാർജിംഗ് പ്രവൃത്തി തയാറാക്കിയെങ്കിലും നടപ്പാക്കിയില്ലെന്നും ചൂണ്ടിക്കാട്ടി. പദ്ധതി രൂപവത്കരണത്തിൽ വർക്കിംഗ് ഗ്രൂപ്പുകളും സ്റ്റാൻഡിംഗ് കമ്മിറ്റിയും നിയമാനുസൃത കടമകൾ നിർവഹിക്കുന്നില്ലെന്നും ഓഡിറ്റിൽ എടുത്തുപറയുന്നു. വർക്കിംഗ് ഗ്രൂപ്പ് മിനുട്സ് പരിശോധിച്ചതിൽ വാർഷിക പദ്ധതിയുടെ തുടക്കത്തിൽ രണ്ടു യോഗം ചേർന്നു നിർദേശങ്ങൾ സമർപ്പിച്ചതും സ്റ്റാൻഡിംഗ് കമ്മിറ്റികൾ നേതൃത്വപരമായ പങ്ക് വഹിക്കുന്നില്ലെന്നും വിമർശനവുമുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി യോഗങ്ങളിലൊന്നും വാർഷിക പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ഗൗരവമായ തീരുമാനങ്ങളോ ചർച്ചകളോ കൈ കൊണ്ടിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മാന്പ്രപ്പടി ഹെൽത്ത് സെന്റർ നിർമാണത്തിന്റെ ഭാഗമായി പഴയ കെട്ടിട ഭാഗം പൊളിച്ചുനീക്കിയ ഓട്, മരം, ജനൽ, വാതിൽ എന്നിവ ലേലം ചെയ്തില്ലെന്നും പുനരുപയോഗം നടത്തിയതായി രേഖപ്പെടുത്തിയില്ലെന്നും ഓഡിറ്റിൽ പറയുന്നു. ചമയം -ടൗണ് ഹാൾ റോഡ് കട്ടപതിച്ചതിൽ അപാകതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നൽകിയ മറുപടി സ്വീകാര്യമല്ലെന്നും എടുത്തുപറയുന്നു. പെരിന്തൽമണ്ണ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ പെയിന്റിംഗിൽ അപാകതയുള്ളതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.