കൃഷിയിടത്തിൽ ശുചിമുറി മാലിന്യം തള്ളിയ നിലയിൽ
1297136
Wednesday, May 24, 2023 11:54 PM IST
നിലന്പൂർ: നിലന്പൂർ നഗരസഭാ പരിധിയിലെ മുതീരിയിൽ ശുചിമുറി മാലിന്യങ്ങൾ നിക്ഷേപിച്ച് സാമൂഹിക വിരുദ്ധർ. രാത്രിയിലാണ് സാമൂഹിക വിരുദ്ധരുടെ മാലിന്യ നിക്ഷേപം.
കൃഷിയിടത്തിൽ ശുചിമുറി മാലിന്യം തള്ളിയതിനെ തുടർന്ന് ജോലിക്കെത്തിയ തൊഴിലാളികളും സ്ഥലം ഉടമയും മടങ്ങി പോയി. പ്രദേശത്ത് അസഹ്യമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്.മുതീരിയിലെ കർഷകനായ ടി.പി. രാമചന്ദ്രന്റെ ഒരേക്കർ വരുന്ന കൃഷി ഭൂമിയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ശുചിമുറി മാലിന്യങ്ങൾ തള്ളിയത്.
രാവിലെ തൊഴിലാളികളുമായി എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. റോഡിൽ ടാങ്കർ നിർത്തി കുഴൽ വഴി ഒഴുക്കി വിടുകയായിരുന്നു. നിലന്പൂർ പോലീസ്, നഗരസഭ അധികൃതർ എന്നിവർക്ക് രാമചന്ദ്രൻ പരാതി നൽകി.
ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. സിസി ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. രണ്ടു മാസത്തിനിടെ നഗരസഭാ പ്രദേശത്ത മുതീരി, മുതുകാട്, ജനതപ്പടി തോടുകൾ ഉൾപ്പെടെ നാലിടങ്ങളിലാണ് ശുചിമുറി മാലിന്യം തള്ളിയത്. ഇതിൽ ഒരു സംഭവത്തിൽ മാത്രമാണ് പ്രതികളെ പിടികൂടിയത്. നിലന്പൂരിന്റെ സമീപ പ്രദേശങ്ങളിൽ നിന്നും മറ്റു പ്രദേശങ്ങളിൽ നിന്നുമാണ് രാത്രി നിലന്പൂരിലേക്ക് ശുചിമുറി മാലിന്യങ്ങൾ എത്തിച്ചു തള്ളുന്നത്.