സ്കൂട്ടർ മോഷ്ടാവ് പിടിയിൽ
1573386
Sunday, July 6, 2025 5:48 AM IST
ചങ്ങരംകുളം: ചിയ്യാനൂരിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച് രക്ഷപ്പെട്ട യുവാവിനെ ചങ്ങരംകുളം പോലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശി മാവലിച്ചിക്കണ്ടി സൂര്യൻ (24) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ചിയ്യാനൂർ ചിറകുളത്തിന് സമീപം താമസിക്കുന്ന മുഹമ്മദ്കുട്ടിയുടെ സ്കൂട്ടർ എടുത്ത് യുവാവ് കടന്നുകളഞ്ഞത്.
തുടർന്ന് മുഹമ്മദ്കുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ സിസിടിവിയിൽ മോഷ്ടാവ് മുഖം മറച്ച് പിടിച്ച് സ്കൂട്ടർ ഓടിച്ച് പോകുന്ന ദൃശ്യങ്ങൾ കണ്ടെത്തി.
അന്വേഷണത്തിൽ സംഭവ ദിവസം തന്നെ കോക്കൂരിൽ മറ്റൊരു ബൈക്ക് മോഷ്ടിക്കാൻ ഇയാൾ ശ്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. പിന്നീടുണ്ടായ അന്വേഷണത്തിൽ മോഷ്ടാവിനെ പോലീസ് തിരിച്ചറിഞ്ഞു.
തുടർന്ന് മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം എറണാകുളം കാക്കനാട്ടെത്തി അന്വേഷണസംഘം സ്കൂട്ടർ സഹിതം യുവാവിനെ പിടികൂടിയത്. കൊയിലാണ്ടി, ചോന്പാല, പയ്യോളി തുടങ്ങി വിവിധയിടങ്ങളിൽ സമാനമായ കേസുകളുള്ള മോഷ്ടാവാണ് പിടിയിലായതെന്ന് സിഐ പറഞ്ഞു.
ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തിൽ എസ്ഐ ആനന്ദ്, പിആർഒ പ്രജീഷ്, സിപിഒമാരായ റിനീഷ്, അജിത്ത് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. തുടർന്ന് പൊന്നാനി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.