മലപ്പുറം സഹോദയ അവാർഡുകൾ പ്രഖ്യാപിച്ചു
1296886
Wednesday, May 24, 2023 12:16 AM IST
പെരിന്തൽമണ്ണ: ഈ വർഷത്തെ സിബിഎസ്ഇ ബോർഡ് പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തിൽ മികച്ച പ്രകടനം നടത്തിയ സ്കൂളുകൾക്ക് സഹോദയ എക്സലൻസ് അവാർഡ്കളും 100/100 മാർക്ക് നേടിയ 85 പേർക്കു മെറിറ്റ് അവാർഡുകളും ആറു പേർക്ക് ജില്ലാ ടോപ്പർ അവാർഡുകളും പ്രഖ്യാപിച്ചു.
സീനിയർ സെക്കൻഡറി വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കരിപ്പൂർ എയർപോർട്ട് സീനിയർ സെക്കൻഡറി സ്കൂൾ ഒന്നും പെരിന്തൽമണ്ണ ശ്രീവള്ളുവനാട് വിദ്യാഭവൻ രണ്ടും തിരൂർ ബെഞ്ച്മാർക്ക് ഇന്റർനാഷണൽ സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി എക്സലൻസ് പുരസ്കാരങ്ങൾ കരസ്ഥമാക്കി.
സീനിയർ സെക്കൻഡറി വിഭാഗത്തിൽ (486/500) മാർക്ക് നേടി മലപ്പുറം മഅദിൻ പബ്ലിക് സ്കൂളിലെ ഹന്ന ഇബ്രാഹിം പള്ളിയാലിൽ ജില്ലയിൽ ഒന്നാംസ്ഥാനവും കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂളിലെ ശ്രീഹരി സഞ്ജീവ് (484/500) രണ്ടാം സ്ഥാനവും പൂപ്പലം ദാറുൽ ഫലാഹ് സ്കൂളിലെ ഖാലിദ് സൈഫുളള (479/500) മൂന്നാം സ്ഥാനവും നേടി. പത്താം ക്ലാസ് വിഭാഗത്തിലെ ജില്ലാ ടോപ്പർമാരായി കരിപ്പൂർ എയർപോർട്ട് സീനിയർ സെക്കൻഡറി സ്കൂളിലെ ദിയ സബീഷ് (495/500) നേടി ഒന്നാം സ്ഥാനവും തിരുനാവായ ഭാരതീയ വിദ്യാഭവനിലെ എം. റിഥുൽ നന്പ്യാർ (493/500) രണ്ടാം സ്ഥാനവും പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂളിലെ ശ്രീലക്ഷ്മി (491/500) മൂന്നാം സ്ഥാനവും നേടി ജില്ലാ ടോപ്പർ പുരസ്കാരങ്ങൾക്ക് അർഹരായി.സീനിയർ സെക്കൻഡറി വിഭാഗത്തിലും സെക്കൻഡറി വിഭാഗത്തിലും 90 ശതമാനത്തിലധികം മാർക്ക് വാങ്ങിയ 460 പ്രതിഭകൾക്കും പുരസ്കാരങ്ങൾ നൽകും. അവാർഡ് വിതരണത്തിനായി സിബിഎസ്ഇ പ്രതിഭാ സംഗമം 27 ന് പെരിന്തൽമണ്ണ ശ്രീവള്ളുവനാട് വിദ്യാഭവനിൽ നടക്കും. മഞ്ചേരി ബെഞ്ച്മാർക്സ് സ്കൂളിൽ ചേർന്ന സഹോദയ പ്രവർത്തക സമിതി അവലോകന യോഗത്തിൽ മുഖ്യരക്ഷാധികാരി എം. അബ്ദുൾനാസർ അവാർഡ് പ്രഖ്യാപനം നടത്തി. പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജിംഗ് ട്രസ്റ്റി സി.സി ഉസ്മാൻ ഭാരവാഹികളായ പി. ഹരിദാസ്, എം. ജൗഹർ, പി. നിസാർഖാൻ, സുഭാഷ് പുളിക്കൽ, ശിൽപ ജോണി എന്നിവർ പ്രസംഗിച്ചു.