മഞ്ചേരിയിൽ കോണ്‍ഗ്രസിലെ ഭിന്നത കൈയാങ്കളിയിൽ
1283296
Saturday, April 1, 2023 11:25 PM IST
മഞ്ചേരി: ഏറെക്കാലമായി മഞ്ചേരിയിലെ കോണ്‍ഗ്രസ് പ്രവർത്തകർക്കിടയിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന ഭിന്നത കൈയാങ്കളിയിലെത്തി.
മഞ്ചേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് പ്രവർത്തകർ തമ്മിൽ തർക്കവും കൈയാങ്കളിയും നടന്നത്. ബാങ്ക് ഭരണസമിതിയിൽ കോണ്‍ഗ്രസിന് മൂന്ന് അംഗങ്ങളാണുള്ളത്. നിലവിലെ അംഗങ്ങൾ തന്നെ തുടരണമെന്നാണ് ഒരു വിഭാഗത്തിന്റെ താത്പര്യം.
എന്നാൽ ബ്ലോക്ക്് കമ്മിറ്റിയിലെ 16 അംഗങ്ങൾ അടക്കമുള്ള പ്രവർത്തകർ ബാങ്ക് ഭരണ സമിതിയിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ കത്ത് നൽകിയിരുന്നു. ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പു നൽകിയ ഡിസിസി ഇതോടൊപ്പം നിലവിലുള്ള അംഗങ്ങൾ തുടരുന്നതിനായി നിർദേശം നൽകുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ അഡ്വ. കെ.എ ജബ്ബാർ, പൂഴിക്കുത്ത് അബ്ദുറഹിമാൻ, പുല്ലഞ്ചേരി അബ്ദുള്ള എന്നിവരാണ് നോമിനേഷൻ കൊടുക്കാൻ തീരുമാനിച്ചത്. നോമിനേഷൻ നൽകാനെത്തിയ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി പൂഴിക്കുത്ത് അബ്ദുറഹിമാനാണ് മർദനമേറ്റത്. കൂടെയുണ്ടായിരുന്ന ബ്ലോക്ക്് കമ്മിറ്റി സെക്രട്ടറി കെ. മുഹമ്മദലി എന്ന നാണിപ്പക്കും മർദനമേറ്റു. ബാങ്ക് ചെയർമാൻ അഡ്വ. എൻ.സി ഫൈസൽ, ബാങ്ക് ജനറൽ മാനേജർ കെ. അബ്ദുൾ നാസർ എന്നിവർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. നേരത്തെ എളങ്കൂറിലെ പാർട്ടി പ്രവർത്തകനും പഞ്ചായത്ത് മുൻ മെംബറുമായ വിജീഷിന് ബാങ്കിൽ ജോലി നൽകുന്നതിനായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണം നില നിൽക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള അംഗങ്ങളെ പരിഗണിക്കരുതെന്ന ആവശ്യം ശക്തമാണ്. ഏതായാലും നിലവിലുള്ള ഭരണസമിതി അംഗങ്ങളായ ഹനീഫ പുല്ലൂർ, അപ്പു മേലാക്കം, നന്ദിനി വിജയകുമാർ എന്നിവർക്ക് പുറമെ കെപിസിസി അംഗങ്ങളായ പറന്പൻ റഷീദ്, പി. അബ്ദുറഹിമാൻ, അഡ്വ. കെ.എ ജബ്ബാർ എന്നിവരും കോണ്‍ഗ്രസിന്റെ സീറ്റിലേക്ക് നോമിനേഷൻ നൽകിയിരിക്കുകയാണ്.