പെരിന്തൽമണ്ണ മുതൽ പുലാമന്തോൾ വരെ നവീകരണം ഉടൻ പൂർത്തിയാക്കും
1283293
Saturday, April 1, 2023 11:25 PM IST
പെരിന്തൽമണ്ണ: സംസ്ഥാന പാതയിൽ പെരിന്തൽമണ്ണ മുതൽ പുലാമന്തോൾ വരെയുള്ള ഭാഗത്തിന്റെ നവീകരണം മഴക്കാലത്തിന് മുന്‍പു പൂർത്തിയാക്കുമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ കെഎസ്ടിപിയുടെ സൂപ്പർവിഷൻ കണ്‍സൾട്ടന്റ് ജോസഫ് മാത്യു അറിയിച്ചു.
ഇപ്പോൾ മെറ്റൽ ക്ഷാമമുണ്ടായതിനാലാണ് പുലാമന്തോൾ മുതലുള്ള ടാറിംഗ് വൈകിയത്. മുണ്ടൂരിൽ നിന്ന് ഇവ എത്തിച്ച് പുലാമന്തോൾ മുതൽ കുന്നപ്പള്ളി വരെയുള്ള ഭാഗത്തെ ടാറിംഗ് നാളെ തുടങ്ങാനാണ് ഉദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാംഘട്ട ടാറിംഗ്് പൂർത്തിയായ ചിലയിടങ്ങളിൽ വിള്ളൽ വീണത് അറ്റകുറ്റപ്പണി നടത്തും. റോഡ് നവീകരണം ഇഴഞ്ഞുനീങ്ങിയെന്ന ആക്ഷേപത്തിൽ അന്നത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ മാറ്റി പുതിയ ആളെ നിയമിച്ചിട്ടുണ്ടെന്ന് നിർമാണച്ചുമതലയുള്ള കണ്‍സൾട്ടന്റ് ജോസഫ് മാത്യു പറഞ്ഞു.
പെരിന്തൽമണ്ണ മുതൽ മേലാറ്റൂർ വരെയുള്ള പ്രവൃത്തി പൂർത്തീകരിക്കുന്നതിന് 2024 മാർച്ച് വരെ സമയം നൽകിയിട്ടുണ്ട്. ജില്ലയിൽ പെർമിറ്റുണ്ടായിട്ടും ചില ബസുകൾ ട്രിപ്പ് ഒഴിവാക്കുന്നത് യാത്രാക്ലേശം വർധിപ്പിക്കുന്നതായും ഇതിനെതിരേ വാഹനവകുപ്പിന്റെ കർശന ഇടപെടൽ വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾകരീം അധ്യക്ഷത വഹിച്ചു.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, പഞ്ചായത്ത് പ്രസിഡന്റുമാരായ സഈദ, ഉമ്മുസൽമ ചക്കച്ചൻ, തഹസിൽദാർ പി.എം. മായ, അംഗങ്ങളായ ഹംസ പാലൂർ, എൻ.പി. ഉണ്ണികൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.