കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലും ജലബജറ്റ് ഒരുങ്ങുന്നു
1283025
Saturday, April 1, 2023 12:16 AM IST
മലപ്പുറം: രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജല ബജറ്റ് തയാറാക്കുന്ന പ്രവർത്തനങ്ങൾ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിൽ പൂർത്തിയാവുന്നു. ബ്ലോക്കിന് കീഴിൽ വരുന്ന ഏഴ് ഗ്രാമപഞ്ചായത്തുകളിലാണ് ജല ബജറ്റിനാവശ്യമായ രേഖകൾ തയാറാക്കുന്നത്. പഞ്ചായത്തിലെ ഓരോ വാർഡുകളിലും ജലസഭകളും ജലവിനിയോഗ കണക്കെടുപ്പും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഏപ്രിൽ ആദ്യവാരം ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രസിഡന്റ് വി.പി. ഷെജിനി ഉണ്ണി പറഞ്ഞു.
നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വികസന വിനിയോഗ കേന്ദ്രവുമായി (സിഡബ്ല്യുആർഡിഎം) ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഓരോ ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ ജല ബജറ്റ് തയാറാക്കുന്നത്. ജില്ലയിൽ നിന്നും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിനെയാണ് പ്രാരംഭ പദ്ധതി പ്രവർത്തനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. കിളിമാനൂർ, മുഖത്തല, മല്ലപ്പള്ളി, മാവേലിക്കര, ഈരാറ്റുപേട്ട, ഇടുക്കി, മുളന്തുരുത്തി, ചൊവ്വന്നൂർ, ചിറ്റൂർ, കുന്നമംഗലം, മാനന്തവാടി, പേരാവൂർ, കാഞ്ഞങ്ങാട് എന്നിവയാണ് മറ്റു ബ്ലോക്കുകൾ.
ജലബജറ്റ് തയാറാക്കുന്നത് എങ്ങനെ..
മലപ്പുറം: ഓരോപ്രദേശത്തും ലഭ്യമായ ജലത്തിന്റെ അളവും വിവിധ ആവശ്യങ്ങൾക്ക് ആവശ്യമായ ജലത്തിന്റെ അളവും കണക്കാക്കുകയാണ് ആദ്യം ചെയ്യുന്നത്. കൃഷി, മൃഗസംരക്ഷണം, ഗാർഹികം, വ്യാവസായികം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് അതത് മേഖലകളിൽ നാം എത്രമാത്രം ചെലവഴിക്കുന്നുവെന്നും നിലവിൽ എത്ര ആവശ്യമുണ്ടെന്നും ഭാവിയിൽ അവയിൽ വരാവുന്ന വ്യതിയാനം എത്രയെന്നും കണക്കാക്കുന്നു. സൂക്ഷ്മ നീർത്തടങ്ങളെ അടിസ്ഥാനമാക്കി അവയിലേക്കു ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് അവയിൽ നിന്നും പുറത്തേക്ക് ഒഴുകിപ്പോകുന്ന ജലത്തിന്റെ അളവും കണക്കാക്കുന്നു. ഒരു പ്രദേശത്ത് പെയ്യുന്ന മഴയുടെ അളവും ഓരോ നീർത്തടത്തിലേക്ക് വിവിധ ജലസ്രോതസുകളിൽ ലഭ്യമായ ജലത്തിന്റെ അളവും വിലയിരുത്തി വേനൽക്കാല ജലലഭ്യത കണക്കാക്കും. ഇതോടൊപ്പം തന്നെ ആ പ്രദേശത്തിന്റെ മണ്ണിന്റെ ഘടനയും ജല ലഭ്യതയും കണക്കാക്കും.
ഇവ ഇവ ക്രോഡീകരിച്ച് ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും.