മഞ്ചേരി: മണ്ഡലത്തിലെ പട്ടികജാതി വികസന പ്രവർത്തനങ്ങൾ വേഗമാക്കാൻ തീരുമാനം. പദ്ധതികൾ വിലയിരുത്തുന്നതിനായി അഡ്വ. യു.എ ലത്തീഫ് എംഎൽഎയുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നു.
ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ അംബേദ്കർ ഗ്രാമം പദ്ധതി കാര്യക്ഷമമാക്കും. നിലവിൽ ആരംഭിച്ച കോളനികളിലെ പദ്ധതികൾ പലതും പൂർത്തിയായിട്ടില്ല. ഇതു പൂർത്തീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. വകുപ്പിൽ നിന്നു ലഭിക്കുന്ന പല പദ്ധതികൾക്കും ആനുകൂല്യം ലഭിക്കാൻ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുന്നുണ്ട്. ഇത്തരം മാനദണ്ഡങ്ങൾ ലഘൂകരിക്കണം.
പകരം വാർഡ് മെംബറുടെ സാക്ഷ്യപത്രമോ മറ്റുരേഖകളോ ഹാജരാക്കിയാൽ മതിയെന്നത് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നു എംഎൽഎ പറഞ്ഞു. പല തദ്ദേശ സ്ഥാപനങ്ങൾക്കും എസ്സി ഫണ്ട് ഇനിയും ലഭിക്കാനുണ്ടെന്നും യോഗത്തിൽ അറിയിച്ചു. നഗരസഭ ചെയർപേഴ്സണ്‍ വി.എം സുബൈദ, വൈസ് ചെയർമാൻ വി.പി ഫിറോസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി ജമീല, വി. സഫിയ, കൗണ്‍സിലർമാരായ ചിറക്കൽ രാജൻ, വി.സി മോഹനൻ, ടി. ശ്രീജ, പി. സുനിത, മുനിസിപ്പൽ എൻജിനീയർ പി. സതീഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, എസ്സി വകുപ്പ് ജീവനക്കാർ, പ്രമോട്ടർമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.