വേനൽ മഴയിലും കാറ്റിലും ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ നാശം
1282706
Friday, March 31, 2023 12:01 AM IST
നിലന്പൂർ: വേനൽ മഴയിലും കാറ്റിലും ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ. തെങ്ങ്, റബർ മരങ്ങൾ എന്നിവ വ്യാപകമായി പൊട്ടിവീണു. തെങ്ങ് പൊട്ടി 11 കെ.വി. ലൈനിലേക്ക് വീണതോടെ കെഎസ്ഇബി അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നിലന്പൂർ-നായാടംപൊയിൽ മലയോരപാതയിൽ ഇടിവണ്ണക്ക് സമീപമാണ് കാറ്റിൽ സ്വകാര്യവ്യക്തിയുടെ പറന്പിലെ തെങ്ങ് പൊട്ടി വൈദ്യുതി ലൈനിലേക്ക് മറിഞ്ഞ് വീണത്. 11 കെ.വി. ലൈനിൽ തട്ടി നിന്നതിനാൽ വൻ അപകടമൊഴിവായി. ബസ് ഉൾപ്പെടെ സർവീസ് നടത്തുന്ന റോഡിന് വിലങ്ങനെയാണ് തെങ്ങ് വീണത്. ഉടനെ പ്രദേശവാസിയായ പാറപ്പുറം തോമസ്, കെഎസ്ഇബി അധികൃതരെ അറിയിച്ചതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കാനായത്. ഇന്നലെ ഉച്ചക്കുശേഷം മൂന്നു മണിയോടെയാണ് ഇടിമിന്നലോടും കാറ്റോടും കൂടി മേഖലയിൽ ഒരു മണിക്കൂറോളം നീണ്ടു നിന്ന കനത്ത മഴ പെയ്തത്. അതേസമയം ശക്തമായ കാറ്റിൽ ചാലിയാർ പഞ്ചായത്തിന്റെ മലയോര മേഖലയായ തോട്ടപ്പള്ളി, വാളംതോട്, നായാടംപൊയിൽ, കണ്ടിലപ്പാറ ഭാഗങ്ങളിലായി 3000 ത്തിലേറെ നേന്ത്രവാഴകൾ നിലംപൊത്തി. മോൻസി ഫ്രാൻസിസ്, ചന്ദ്രൻ കണ്ടിലപ്പാറ, ബെന്നി പാറയിൽ, ബിജു, അഗസ്റ്റ്യൻ കരീക്കാട്ടിൽ, രതീഷ് തെക്കേടത്ത്, സാവിത്രി തെക്കേടത്ത്, കുര്യൻ ചുരുളിയിൽ, വാസു കണ്ടിലപ്പാറ എന്നിവരുടെ നേന്ത്രവാഴകളാണ് ചുഴലിക്കാറ്റിൽ നിലംപൊത്തിയത്. വിളവെടുപ്പിന് പാകമായി വരുന്ന വാഴകളാണ് കൂടുതലും നശിച്ചത്. വിലക്കുറവിനൊപ്പം ചുഴലിക്കാറ്റും വീശിയടിച്ചതോടെ വലിയ പ്രതിസന്ധിയാണ് കർഷകർക്കുണ്ടായിട്ടുള്ളത്.