റംസാനിൽ ഹിറ്റായി തണ്ണിമത്തൻ വിപണി
1282297
Wednesday, March 29, 2023 11:46 PM IST
ചങ്ങരംകുളം: ചൂടിന്റെ കാഠിന്യത്തിനിടയിലും റംസാൻ വ്രതകാലത്തിന് കുളിരു പകരുകയാണ് തണ്ണിമത്തൻ. നോന്പു തുറ വിഭവങ്ങളിൽ ഇത്തവണ പ്രധാനപ്പെട്ട ഇനിമായി തണ്ണിമത്തൻ മാറിയിരിക്കുന്നു.
നാട്ടിൽ പാതയോരങ്ങളിൽ തണ്ണിമത്തൻ വിപണി സജീവമാണ്. ടണ്‍ കണക്കിന് തണ്ണിമത്തനാണ് ദിനം പ്രതി മലപ്പുറം ജില്ലയിലെ പാതയോരങ്ങളിൽ വിറ്റഴിക്കുന്നത്. ഇത്തവണ തണ്ണിമത്തൻ സീസണ് റംസാനിലായതോടെ നോന്പുതുറക്കായാണ് ഏറെ പേരും ഇവ വാങ്ങുന്നത്. തമിഴ്നാട്ടിൽ നിന്നു ദിവസവും നിരവധി തണ്ണിമത്തൻ ലോഡുകൾ ആണ് ജില്ലയിലേക്ക് എത്തുന്നത്.
കിലോക്ക് 18 മുതൽ 22 രൂപ വരെയാണ് ചില്ലറവിൽപ്പന. ഇത്തവണ കേരളത്തിൽ തന്നെ വിവിധ കർഷക കൂട്ടായ്മകളും വിപണി ലക്ഷ്യമിട്ട് തണ്ണിമത്തൻ കൃഷിയിറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ കാലാവസ്ഥ അനുകൂലമല്ലാത്തതു കൊണ്ടു തന്നെ ആവശ്യത്തിന് വിളവ് തണ്ണിമത്തൻ കൃഷിയിൽ ലഭിക്കാറില്ല. നാലു തരത്തിലുള്ള തണ്ണിമത്തൻ തമിഴ്നാട്ടിൽ നിന്നു പ്രധാനമായും വിപണിയിലെത്തുന്നുണ്ട്.
ഇതിൽ നാംദാരി തണ്ണിമത്തനാണ് കൂടുതലായും വിപണിയിലുള്ളത്. ആവശ്യത്തിന് വലുപ്പവും നിറവും മധുരവും ഉള്ളതിനാൽ ഈ ഇനത്തിന് തന്നെയാണ് ആവശ്യക്കാർ ഏറെയും. കിരണ്‍, യെല്ലോ കിരണ്‍, എക്സ് യെല്ലോ തുടങ്ങിയ വിവിധയിനം വ്യത്യസ്തമായ തണ്ണിമത്തനും വിപണിയിൽ ലഭ്യമാണ്. കച്ചവട സ്ഥാപനങ്ങളെക്കാൾ കൂടുതൽ തണ്ണിമത്തൻ വിറ്റഴിയുന്നത് പാതയോരങ്ങളിലാണ്. വഴിവക്കുകളിൽ ഇപ്പോൾ തണ്ണിമത്തൻ കച്ചവടക്കാരുടെ തിരക്കാണ്.