ജനാധിപത്യ ധ്വംസനങ്ങൾക്കെതിരേ പെരിന്തൽമണ്ണയിൽ നൈറ്റ് മാർച്ച്
1282294
Wednesday, March 29, 2023 11:46 PM IST
പെരിന്തൽണ്ണ: രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാനും നിശബ്ദരാക്കാനുമുള്ള ഭരണകൂട നീക്കത്തിൽ പ്രതിഷേധിച്ചും രാഹുൽഗാന്ധിയുടെ പാർലിമെന്റ് അംഗത്വം റദ്ദാക്കിയ ഫാസിസ്റ്റ് ഗൂഢാലോചനക്കെതിരേയും നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ ഫ്ളെയിം ഓഫ് ഫ്രീഡം എന്ന പ്രമേയത്തിൽ ബഹുജന നൈറ്റ് മാർച്ച് നടത്തി.
പ്രതിഷേധ ജ്വാലയുടെ ഭാഗമായി പന്തം കൊളുത്തിയാണ് മാർച്ചിൽ പ്രവർത്തകർ അണിനിരന്നത്. രാത്രി പത്തിനു മനഴി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് തറയിൽ ബസ് സ്റ്റാൻഡിൽ സമാപിച്ചു.
വരാനിരിക്കുന്ന പാർലിമെന്റ് തെരഞ്ഞെടുപ്പിനെ നേരിടാൻ ഭയക്കുന്നവരാണ് ഇപ്പോൾ രാഹുൽഗാന്ധിയെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അനീതിക്കെതിരേയുള്ള പോരാട്ടത്തിൽ നിന്നു രാഹുൽഗാന്ധിയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് ഫാസിസ്റ്റുകളുടെ വ്യാമോഹമാണെന്നും നജീബ് കാന്തപുരം എംഎൽഎ നൈറ്റ് മാർച്ചിന്റെ സമാപന സംഗമത്തിൽ പറഞ്ഞു. ഈ രാജ്യം അദാനിക്കും കോർപറേറ്റുകൾക്കും തീറെഴുതിക്കൊടുക്കാൻ രാജ്യത്തെ ജനങ്ങൾ അനുവദിക്കില്ല.
കള്ളക്കേസുകൾ കൊണ്ടും അയോഗ്യത കൊണ്ടും രാഹുലിനെ നിശബ്ദനാക്കാൻ സാധിക്കില്ല. സാമ്രാജ്യത്വ ശക്തികൾക്കെതിരേയാണ് ഗാന്ധിയും നെഹ്റുവും അടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികൾ പോരാടിയതെങ്കിൽ ബ്രിട്ടീഷുകാർക്കു മാപ്പെഴുതിക്കൊടുത്തു രാജ്യത്തെ ഒറ്റിക്കൊടുത്തവരുടെ പിൻമുറക്കാരോടാണ് രാഹുൽ ഗാന്ധി പോരാടുന്നത്.
ഈ പോരാട്ടത്തിൽ രാഹുൽ ഗാന്ധി തനിച്ചല്ല. രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തോടൊപ്പമാണെന്നും നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു.നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നു നൂറുക്കണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.
മാർച്ചിന് സി. സേതുമാധവൻ, എ.കെ. നാസർ, വി. ബാബുരാജ്, ഉസ്മാൻ താമരത്ത്, അഡ്വ. എസ്. അബ്ദുസലാം, എം.എം. സക്കീർ ഹുസൈൻ, ഷൗക്കത്ത് നാലകത്ത്, അഡ്വ. ബെന്നി, അഡ്വ. എ.കെ. മുസ്തഫ, അസീസ് കൊളക്കാടൻ, സുബൈർ, നാലകത്ത് ബഷീർ, സി. സുകുമാരൻ, സി.കെ ഹാരിസ്, യാക്കൂബ് കുന്നപ്പള്ളി, സിദീഖ് വാഫി, കെ.എം. ഫത്താഹ്, സുരേഷ് മഠത്തിൽ, കെ.ടി. അഫ്സൽ, സി.എം. മുസ്തഫ, പി.ടി സക്കീർ, ബാപ്പുട്ടി വട്ടപ്പറന്പ്, പി. ബഷീർ, ബി. മുസമ്മിൽഖാൻ, ഹുസൈൻ കളപ്പാടൻ, കമാൽ, ജമാൽ, ഷറീന ഇഖ്ബാൽ, കെ.വി. ജമീല, ഭാരതി, ബേബി ശ്രീധരൻ, സി.പി. ഷീബ, ലീല മോഹൻദാസ്, സുബൈദ തുടങ്ങിയവർ നേതൃത്വം നൽകി.