വേനൽ മഴയും കാറ്റും: മലയോര മേഖലയിൽ കനത്ത നഷ്ടം
1282291
Wednesday, March 29, 2023 11:45 PM IST
കരുവാരകുണ്ട്: വേനൽമഴയിലും കാറ്റിലും മലയോര മേഖലയിൽ കനത്ത നാശനഷ്ടം. ഇന്നലെ ഉച്ചക്കു ശേഷം കരുവാരകുണ്ട് മേഖലയിൽ വേനൽ മഴയോടൊപ്പം അനുഭവപ്പെട്ട കാറ്റിൽ വൻ നാശ നഷ്ടമാണുണ്ടായത്.
കരുവാരകുണ്ട് പയ്യാക്കോട്, പുൽവെട്ട തുടങ്ങിയ പ്രദേശങ്ങളിലാണ് നാശനഷ്ടം ഏറെയും. പയ്യാക്കോട് റോഡിനു കുറുകെ വീണ തെങ്ങ് രാഹുൽ ഗാന്ധി റസ്ക്യൂ ഫോഴ്സ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് മുറിച്ചുമാറ്റി ഗതാഗത തടസം ഒഴിവാക്കി. പുൽവെട്ട മേഖലയിൽ വൻ വിളനഷ്ടവും ഉണ്ടായിട്ടുണ്ട്. നൂറുക്കണക്കിന് റബർ കാറ്റിൽ നിലംപതിച്ചു. കനത്ത വരൾച്ചയിൽ നനച്ചു വളർത്തിയ നേന്ത്രവാഴകളും നശിച്ചു. വൈദ്യുതി ലൈനുകളിലും കാറ്റിൽ തകർന്നിട്ടുണ്ട്. വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
രാഹുൽഗാന്ധി റസ്ക്യൂ ഫോഴ്സ് പ്രവർത്തകരായ പി.കെ റാഷിദ്, ബീരാൻ ഇളംന്പിലാവിൽ, അബ്ദുൾ റസാക്ക്, നിസാം കരുവാരകുണ്ട്, സിറാജ്, പി. അസദ്, ഖാലിദ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.കാളികാവ്:ചോക്കാട് മഞ്ഞപ്പെട്ടി പള്ളിപ്പടിയിൽ കാറ്റിലും മഴയിലും മരം വീണു വീട് ഭാഗികമായി തകർന്നു.
കോമുള്ളൻചാലിൽ മൊയ്തീൻകുട്ടിയുടെ വീടിന് സമീപത്തെ പ്ലാവ് നടുമുറിഞ്ഞ് കാറ്റിൽ തെറിച്ചാണ് വീടിനു മുകളിൽ പതിച്ചത്. ചോക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് മൊയ്തീനും കുടുംബവും താമസിക്കുന്നത്. പ്രായമായ ഭാര്യാമാതാവും ഭിന്നശേഷിക്കാരിയായ മകളും ഉൾപ്പെടെ നാലുപേരും അപകടം നടക്കുന്പോൾ വീടിനുള്ളിലുണ്ടായിരുന്നു. ഭാഗ്യവശാൽ വീടിന്റെ മുൻഭാഗത്താണ് പ്ലാവ് മരം പൊട്ടി വീണത്. ഓടു മേഞ്ഞ വീടിന്റെ മുൻഭാഗം തകർന്നു. ചുമരിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷവും ഇവരുടെ വീടിനു മുകളിലൂടെ തെങ്ങ് വീണിരുന്നു. എന്നാൽ പ്രകൃതിക്ഷോഭത്തിൽപ്പെട്ടതിന്റെ ആനുകൂല്യങ്ങൾ ഈ കുടുംബത്തിന് ലഭിച്ചിട്ടില്ല. പ്രദേശവാസികളും കുടുംബങ്ങളും ചേർന്നു മരം വെട്ടിമാറ്റി.