സ്കൂട്ടറപകടം: ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
1282091
Wednesday, March 29, 2023 9:59 PM IST
മഞ്ചേരി: ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ മിനിലോറിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മഞ്ഞപ്പറ്റ പാലേങ്ങര വീട്ടിൽ വിജയകുമാറിന്റെ ഭാര്യ വിജയകുമാരി (49) യാണ് മരിച്ചത്. ഇക്കഴിഞ്ഞ 24ന് മഞ്ചേരി മുട്ടിപ്പാലത്തായിരുന്നു അപകടം. ഭർത്താവ് ഓടിച്ച സ്കൂട്ടറിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു വീട്ടമ്മ. റോഡരികിൽ നിർത്തിയിട്ടിരുന്ന എയ്സ് പിക്ക്പ്പ് പെട്ടെന്ന് മുന്നോട്ടെടുത്തതാണ് അപകട കാരണം.
ഗുരുതര പരിക്കേറ്റ വിജയകുമാരിയെ ഉടൻ മഞ്ചേരിയിലും തുടർന്ന് കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരിച്ചു. മഞ്ചേരി എസ്ഐ മുഹമ്മദ് ബഷീർ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.