പരീക്ഷയ്ക്കു ശേഷം അഭ്യാസപ്രകടനം; വാഹനങ്ങൾ സഹിതം വിദ്യാർഥികൾ പിടിയിൽ
1281918
Tuesday, March 28, 2023 11:42 PM IST
കാളികാവ്:ഹയർസെക്കൻഡറി പരീക്ഷ കഴിഞ്ഞു വാഹനങ്ങളുമായി ആഘോഷം നടത്തിയ വിദ്യാർഥികളെയും വാഹനങ്ങളെയും കാളികാവ് പോലീസ് പിടികൂടി. രണ്ടു ബൈക്കുകളും ഒരു മാരുതി സ്വിഫ്റ്റ് കാറും ഒരു ജീപ്പും തുറന്ന മറ്റൊരു ജീപ്പുമാണ് പിടികൂടിയത്.
അടക്കാണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിഭാഗത്തിലെ ഏതാനും വിദ്യാർഥികളെയാണ് പരീക്ഷ കഴിഞ്ഞ ആഘോഷ തിമിർപ്പിനിടയിൽ പോലീസ് പിടികൂടിയത്.
അപകടകരമായ വിധത്തിൽ വാഹനം ഓടിച്ചതിനും വാഹനം നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിനുമാണ് പിടികൂടിയത്. വാഹനങ്ങളുടെ രേഖകൾ പരിശോധന നടത്തി മാത്രമേ ഉടമകൾക്ക് വിട്ടുകൊടുക്കുകയുള്ളൂവെന്നു പോലീസ് പറഞ്ഞു. കാളികാവ് ഗവണ്മെന്റ് ബസാർ സ്കൂളിനു സമീപത്തെ അന്പലക്കുന്ന് മൈതാനത്തായിരുന്നു വിദ്യാർഥികൾ വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തിയത്. ഇവരെയാണ് കാളികാവ് പോലീസ് കൂട്ടത്തോടെ പിടികൂടിയത്. പരീക്ഷക്ക് മുന്പ് തന്നെ സ്കൂളുകളിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. അധ്യാപകർക്കും വിദ്യാർഥികൾക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ സ്കൂളിൽ ആഘോഷം സംഘടിപ്പിക്കാതെ അന്പലക്കുന്ന് മൈതാനിയിലേക്ക് വാഹനങ്ങളുമായി എത്തിയാണ് വിദ്യാർഥികൾ സാഹസത്തിനു മുതിർന്നത്. നാട്ടുകാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസ് വാഹനങ്ങളും വിദ്യാർഥികളെയും പിടികൂടുകയായിരുന്നു.