വിദ്യാർഥികൾ പെരിന്തൽമണ്ണ കോടതി സന്ദർശിച്ചു
1281422
Monday, March 27, 2023 12:24 AM IST
പുലാമന്തോൾ: എസ്എസ്എ കേരളയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഇഎൽഎ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ പുലാമന്തോൾ എയുപി സ്കൂൾ വിദ്യാർഥികൾ പെരിന്തൽമണ്ണ കോടതി സന്ദർശിച്ചു.
പെരിന്തൽമണ്ണ ബിആർസിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കി വരുന്നത്. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സീനിയർ പാനൽ ലോയർ അനിൽ നിരവിൽ കുട്ടികൾക്ക് നിയമ സംവിധാനങ്ങളെക്കുറിച്ചും കോടതികളെക്കുറിച്ചും അടിസ്ഥാന വിവരങ്ങൾ കൈമാറി.
പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ സഹകരണത്തോടെയായിരുന്നു സന്ദർശനം. അധ്യാപകരായ കെ. കൃഷ്ണദാസ്, പി. റസിയ, ദർശന തുടങ്ങിയവർ നേതൃത്വം നൽകി.