വേട്ടേക്കോട് കുടുംബാരോഗ്യ കേന്ദ്രം പുരസ്കാരം ഏറ്റുവാങ്ങി
1281028
Sunday, March 26, 2023 12:07 AM IST
മഞ്ചേരി: സംസ്ഥാന സർക്കാരിന്റെ 2021 -22 വർഷത്തെ കായകൽപ് അവാർഡിൽ ഒന്നാം സ്ഥാനം നേടിയ മഞ്ചേരി നഗരസഭയുടെ വേട്ടേക്കോട് നഗര കുടുംബാരോഗ്യ കേന്ദ്രം പുരസ്കാരം ഏറ്റുവാങ്ങി.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജിൽ നിന്നു മഞ്ചേരി നഗരസഭ ചെയർപേഴ്സണ് വി.എം സുബൈദ, ഡോ. എം. നിയാസ് എന്നിവരടങ്ങുന്ന സംഘം പുരസ്കാരം സ്വീകരിച്ചു. 92.9 ശതമാനം മാർക്ക് നേടിയാണ് നേട്ടം കൈവരിച്ചത്. കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ നാഷണൽ ക്വാളിറ്റി അഷ്വൂറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) പുരസ്കാരവും കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ്സ് ഫോർ ഹോസ്പിറ്റൽ (കെഎഎസ്എച്ച്) അംഗീകാരവും ആശുപത്രിക്ക് ലഭിച്ചു. ജില്ല, സംസ്ഥാന, ദേശീയതലങ്ങളിൽ നടത്തിയ വിവിധ മൂല്യനിർണയങ്ങളിലൂടെയാണ് വേട്ടേക്കോട് ആശുപത്രിക്ക് അംഗീകാരം ലഭിച്ചത്.
ദിനംപ്രതി 200ലധികം രോഗികളാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. ആശുപത്രിയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊടൊപ്പം രോഗീ സൗഹൃദ അന്തരീക്ഷവും പുരസ്കാരത്തിന് കാരണമായി.
ഒ.പി വിഭാഗം, ലബോറട്ടറി, ഫാർമസി, പൊതുജനാരോഗ്യ വിഭാഗം എന്നിവയുടെ പ്രവർത്തനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം, മാതൃശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവയ്പ്, ജീവനക്കാരുടെ സേവനം, രോഗികളുടെ ജീവനക്കാരുടെയും അഭിപ്രായങ്ങൾ അനുസരിച്ചുള്ള മികച്ച സേവനം, ഓഫീസ് നിർവഹണം എന്നീ വിഭാഗങ്ങളുടെ മികച്ച പ്രവർത്തനവും ആശുപത്രിയെ ഉന്നതനിലവാരത്തിലെത്തിച്ചു. വൈസ് ചെയർമാൻ വി.പി ഫിറോസ്, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ മരുന്നൻ മുഹമ്മദ്, കൗണ്സിലർമാരായ സമീന, പി. അബ്ദുൾ റഹീം, സെക്രട്ടറി എച്ച്. സിമി, എൻഎച്ച്എം മലപ്പുറം ഡിപിഎം ഡോ.ടി.എൻ. അനൂപ്, ഹെൽത്ത് ഇൻസ്പെക്ടർ സി .വി വിശ്വജിത്ത്, വേട്ടേക്കോട് കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ എന്നിവർ സംബന്ധിച്ചു.