പുലിഭീതി: മുളള്യാകുർശ്ശിയിൽ കെണി സ്ഥാപിക്കുമെന്ന് വനംവകുപ്പ്
1280377
Thursday, March 23, 2023 11:51 PM IST
പെരിന്തൽമണ്ണ: പുലിഭീതി നിലനിൽക്കുന്ന കീഴാറ്റൂർ മുളള്യാകുർശ്ശിയിൽ കെണി സ്ഥാപിക്കുമെന്ന് വനംവകുപ്പ്. ബുധനാഴ്ച്ച വൈകിട്ട് അഞ്ചരയ്ക്കാണ് മാട്ടുമ്മത്തൊടി ഉമൈറിന്റെ ആടിനെ പുലി കടിച്ച് കൊണ്ടു പോയത്. ഉമൈർ നോക്കി നിൽക്കെയാണ് സംഭവം. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും പകുതി ഭക്ഷിച്ച നിലയിൽ ആടിന്റെ ജഡമാണ് കണ്ടെത്താനായത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഏഴു ആടുകളെയാണ് പുലി വകവരുത്തിയത്. ഇതിൽ രണ്ടെണ്ണം ഉമൈറിന്റെതാണ്. ആടുകൾക്ക് പുറമെ വളർത്തു നായകളെ കാണാതാകുന്നതും പതിവാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ നിലന്പൂർ ആർആർടി സംഘവും കരുവാരക്കുണ്ട് റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച്ച സ്ഥലത്തെത്തി പരിശോധന നടത്തി. വർഷങ്ങളായി തുടരുന്ന പുലി ഭീതിയകറ്റാൽ ശാശ്വത പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം വനംവകുപ്പ് ഓഫീസ് മാർച്ച് ഉൾപ്പടെ നടത്തുമെന്നും നാട്ടുകാർ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് ഇവിടെ ഭീതി പരത്തിയ പുലിയെ വനംവകുപ്പ് കെണി വെച്ച് പിടികൂടിയിരുന്നു.