നഷ്ടപ്പെട്ട പണവും രേഖകളും തിരിച്ചേൽപ്പിച്ചു ലോറി ഡ്രൈവർ മാതൃകയായി
1280050
Thursday, March 23, 2023 12:16 AM IST
പെരിന്തൽമണ്ണ: നഷ്ടപ്പെട്ട പണവും രേഖകളും ഉടമസ്ഥനെ അന്വേഷിച്ചു തിരിച്ചേൽപ്പിച്ചു തമിഴ്നാട്ടിലെ ലോറി ഡ്രൈവർ മാതൃകയായി. കഴിഞ്ഞ 18ന് പുലർച്ചെ ജോലി ആവശ്യാർഥം മങ്കടയിലേക്ക് പോയ തിരൂർക്കാട് സ്വദേശി സീതാമഠത്തിൽ സിന്ധുക്കുട്ടന്റെ പണവും രേഖകളും അടങ്ങിയ പഴ്സ് യാത്രാമധ്യേ നഷ്ടപ്പെട്ടിരുന്നു. തുടർന്നു അങ്ങാടിപ്പുറത്തു ഇലക്ട്രോണിക്സ് കട നടത്തുന്ന സാദിഖ്അലി തോണിക്കരയെ രാത്രി പത്തിനു അങ്ങാടിപ്പുറത്തെ ഓട്ടോക്കാരനായ സുഹൃത്തു വിളിച്ചു. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ സ്വാമിനാഥനു ഒരു പഴ്സ് ലഭിച്ചിട്ടുണ്ട്.
ഉടമസ്ഥനു മാത്രമേ കൊടുക്കാവൂവെന്നു അറിയിച്ചു. പഴ്സിലുള്ള മേൽവിലാസം അന്വേഷിച്ചപ്പോഴാണ് പഴ്സ് സിന്ധുക്കുട്ടന്റേതാണെന്നു വ്യക്തമായത്. തുടർന്നു സ്വാമിനാഥൻ നിന്നിരുന്ന സ്ഥലത്തെത്തി അന്വേഷിച്ചു. ഈറോഡു നിന്നു പുലർച്ചെ താമരശേരിയിലേക്ക് ആക്രി സാധനങ്ങൾ എടുക്കാൻ പോയ ലോറി ഡ്രൈവർ ഈറോഡ് സ്വദേശി സ്വാമിനാഥനു പാലക്കത്തടം വളവിൽ നിന്നാണ് പഴ്സ് ലഭിച്ചത്.
യാത്രയിൽ താമരശേരി വരെയും തിരിച്ചും രേഖയിൽ കണ്ട തിരൂർക്കാട്ടേക്കു അന്വേഷിച്ചു വരികയായിരുന്നെന്ന് സ്വാമിനാഥൻ പറഞ്ഞു. സ്വാമിനാഥന്റെ നല്ല മനസിന് സിന്ധുക്കുട്ടൻ പാരിതോഷികം നൽകിയെങ്കിലും അദ്ദേഹം വാങ്ങാൻ കൂട്ടാക്കിയില്ല.