മഅദിൻ അക്കാഡമി റംസാൻ കാന്പയിൻ: ഇഫ്ത്താർ സംഗമങ്ങൾ പരിസ്ഥിതി സൗഹൃദമാക്കും
1280049
Thursday, March 23, 2023 12:16 AM IST
മലപ്പുറം: വിശുദ്ധ റംസാനിൽ വ്യത്യസ്തമായ കർമ പദ്ധതികളുമായി മഅദിൻ അക്കാഡമിയുടെ റംസാൻ കാന്പയിൻ. വിവിധ മേഖലകൾ സ്പർശിച്ചുള്ള മുപ്പതിന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. റംസാൻ 27-ാം രാവിൽ നടക്കുന്ന പ്രാർഥനാ സമ്മേളനത്തോടെ കാന്പയിൻ സമാപിക്കും. ഇഫത്താർ അടക്കമുള്ള റംസാൻ പരിപാടികൾ പരിസ്ഥിതി സൗഹൃദമാക്കും. റംസാൻ കാന്പയിൻ ലോഗോ പ്രകാശനം മഅദിൻ അക്കാഡമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നിർവഹിച്ചു.
റംസാനിലെ ആദ്യ വെള്ളിയാഴ്ച ആത്മീയ സംഗമം നടക്കും. ഗ്രാന്റ് മസ്ജിദിൽ ഒരു ദിവസം രണ്ട് തറാവീഹ് നിസ്കാരങ്ങൾ നടക്കും. രാത്രി എട്ടിനു നടക്കുന്ന തറാവീഹിന് പുറമെ ഖുറാൻ 30 ജുസ്അ് പൂർത്തിയാക്കുന്ന ഖത്മുൽ ഖുറാൻ സൗകര്യത്തോടെയാണ് എല്ലാ ദിവസവും രാത്രി 11.30 ന് നടക്കുന്ന തറാവീഹ് നിസ്കാരം. ഇതു വിവിധ തുറകളിൽ ജോലി ചെയ്യുന്നവർക്കു ഏറെ സൗകര്യപ്രദമാകും.
റംസാൻ 27-ാം രാവിൽ പതിനായിരങ്ങൾ സംബന്ധിക്കുന്ന പ്രാർഥനാ സമ്മേളനം നടക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. മഅദിൻ അക്കാഡമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകും. പ്രമുഖർ പങ്കെടുക്കും.