റബർ തോട്ടം കത്തിനശിച്ചു
1279773
Tuesday, March 21, 2023 11:21 PM IST
നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ അളക്കലിൽ കാട്ടുതീയിൽ റബർ തോട്ടം കത്തിനശിച്ചു. 4000 ത്തിലധികം റബർ മരങ്ങൾ നിൽക്കുന്ന തോട്ടത്തിന്റെ അടിക്കാടുകൾ പൂർണമായി കത്തിയമർന്നു. അളക്കൽ പൂളപൊയിലിൽ എടവണ്ണ സ്വദേശി പറന്പൻ അബ്ദുൾഹമീദിന്റെ റബർ തോട്ടത്തിനാണ് തീപിടിച്ചത്. തിങ്കളാഴ്ച്ച രാത്രിയാണ് സമീപത്തെ വനമേഖലയിൽ നിന്നു റബർ തോട്ടത്തിലേക്ക് തീ പടർന്നത്. ടാപ്പിംഗ് തുടങ്ങി അഞ്ചു വർഷമായ 4000ത്തിലധികം റബർ മരങ്ങൾ ഉണ്ടായിരുന്ന റബർ തോട്ടമാണ് കത്തി നശിച്ചത്. റാട്ടപുരക്ക് സമീപം സ്റ്റോക്ക് ചെയ്തിരുന്ന ഒരു ടണ് ഒട്ടുപാലും കത്തി നശിച്ചു. റാട്ടപുരയുടെ മൂന്നു കഴുക്കോൽ കത്തിയെങ്കിലും തീ ഉള്ളിലേക്ക് പടരാതിരുന്നതിനാൽ അതിൽ ശേഖരിച്ചിരുന്ന ടണ് കണക്കിന് റബർ ഷീറ്റുകൾക്കു ഒന്നും സംഭവിച്ചില്ല. മൂവായിരം വനമേഖലയുടെ പുളപൊയിൽ, അളക്കൽ, മലോടി ഭാഗങ്ങളിൽ കാട്ടുതീ പടർന്നു ഹെക്ടർ കണക്കിനു വനമേഖല കത്തിനശിച്ചിരുന്നു. തീയണക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. വനത്തോടു ചേർന്നുള്ള കർഷകരുടെ കൃഷിയിടങ്ങളിലേക്കും തീ പടരുമെന്ന ഭീഷണി ശക്തമാണ്.വനം വകുപ്പിന്റെ അശ്രദ്ധയാണ് തന്റെ റബർ തോട്ടത്തിനു തീപിടിക്കാൻ കാരണമെന്നു തോട്ടം ഉടമ പറന്പൻ അബ്ദുൾ ഹമീദ് പറഞ്ഞു. തീപിടിക്കാതിരിക്കാൻ റബർ തോട്ടത്തിന്റെ നാലു ഭാഗങ്ങളിലുമായി അഞ്ച് മീറ്റർ വീതിയിൽ ഫയർ ലൈൻ സ്ഥാപിച്ചിരുന്നു. എന്നാൽ വനം വകുപ്പ് കാടിനു തീപിടിക്കാതിരിക്കാൻ ഒരു മുൻകരുതലും സ്വീകരിച്ചിരുന്നില്ല. വനത്തിനുള്ളിൽ തീ കണ്ടപ്പോൾ തന്നെ വനപാലകരെ ആശങ്ക അറിയിച്ചിരുന്നു. രണ്ട് ബീറ്റ് ഫോറസ്റ്റർമാരെ ഏതാനും മണിക്കൂറുകൾ ഈ ഭാഗത്തേക്ക് വിട്ടതല്ലാതെ ഒന്നും ചെയ്തില്ല.
വനം വകുപ്പ് ശ്രദ്ധിച്ചിരുന്നെങ്കിൽ ഹെക്ടർ കണക്കിന് വനമേഖലയും തന്റെ റബർ തോട്ടവും കത്തി നശിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റബർ തോട്ടം വ്യാപകമായി കത്തി നശിച്ചതിനാൽ റബർ മരങ്ങൾ സാവകാശം പൊട്ടിയൊലിച്ച് നശിക്കുമെന്നും പാൽ ഉത്പാദവും വലിയ അളവിൽ കുറയുമെന്നും 15 വർഷം കൂടി ടാപ്പിംഗ് ചെയ്യാവുന്ന റബർ മരങ്ങൾ നിൽക്കുന്ന തോട്ടത്തിനാണ് തീ പിടിച്ചതെന്നും തോട്ടം മാനേജർ ജോയി പറഞ്ഞു.
രാത്രിയാണ് തീപിടിത്തമുണ്ടായത്. ഈ സമയത്ത് തോട്ടത്തിലാരും ഉണ്ടായിരുന്നില്ല. വേനലിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി തോട്ടത്തിൽ ടാപ്പിംഗ് നിറുത്തിവച്ചിരിക്കുകയായിരുന്നു. മൂവായിരം വനത്തിന്റെ നൂറു ഹെക്ടറിലേറെ ഭാഗം കത്തിയമർന്നിട്ടും വനപാലകർ കാഴ്ച്ചക്കാരുടെ റോളിലാണ്.