കാടുകയറ്റിയ ഒറ്റയാൻ വീണ്ടും ജനവാസ കേന്ദ്രത്തിൽ
1279768
Tuesday, March 21, 2023 11:21 PM IST
നിലന്പൂർ: ദിവസങ്ങൾ നീണ്ട സാഹസിക പ്രവർത്തനത്തിനൊടുവിൽ വനംവകുപ്പ് കാടുകയറ്റിയ ഒറ്റയാൻ വീണ്ടും ജനവാസ കേന്ദ്രത്തിൽ.
ചാലിയാർ പഞ്ചായത്തിലെ മണ്ണുപ്പാടത്ത് കൃഷിയിടത്തിലാണ് ഒറ്റയാൻ എത്തിയത്. രാത്രിയിലെത്തിയ ഒറ്റയാനെ പ്രദേശവാസികൾ കൂക്കി വിളിച്ചും പടക്കം പൊട്ടിച്ചുമാണ് ഓടിച്ചത്. ദിവസങ്ങൾക്ക് മുന്പാണ് അകന്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.കെ.മുഹസിന്റെ നേതൃത്വത്തിൽ ശല്യക്കാരനായ ഒറ്റയാനെ കാടുകയറ്റിയത്.
മൈലാടി, മണ്ണുപ്പാടം, പെരുന്പത്തൂർ, വൈലാശേരി, വേട്ടേക്കോട്, മൊടവണ്ണ ഭാഗങ്ങളിലായിരുന്നു ഒറ്റയാന്റെ വിളയാട്ടം. കാട്ടാന വീണ്ടും മടങ്ങിയെത്തിയത് കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ച്ചയായി മൂവായിരം വനത്തിൽ കാട്ടുതീ പടരുന്നുണ്ട് മൂവായിരം വനമേഖലയിൽ കാട്ടുതീ പടർന്നതോടെ പുലികൾ ഉൾപ്പെടെ വനമേഖലയിൽ നിന്നു പുറത്തേക്ക് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്.
തീ കൂടുതൽ ഭാഗത്തേക്ക് പടർന്നാൽ വന്യ മൃഗങ്ങൾ നാട്ടിലിറങ്ങുന്നതും വർധിക്കും. കടുത്ത വേനൽ ഉണ്ടാകുമെന്ന് കാലാവസ്ഥ നീരിക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും വനം വകുപ്പ് ഇക്കാര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കാതിരുന്നതാണ് കോടിക്കണക്കിന് രൂപയുടെ വന സന്പത്ത് കത്തിയമർന്നത്. അപൂർവസസ്യ ശേഖരങ്ങളും പുൽമേടുകളും മുളങ്കാടുകളും എരക്കോൽ കാടുകളും തീയിലമർന്നു.