തൂതപ്പുഴയ്ക്ക് കുറുകെ പുതിയ പാലം വരുന്നു
1279766
Tuesday, March 21, 2023 11:21 PM IST
പെരിന്തൽമണ്ണ: തൂതപ്പുഴക്ക് കുറുകെ പുതിയപാലം നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ആരംഭിച്ചു. മുണ്ടൂർ - തൂത നാലുവരിപ്പാത നിർമാണത്തോടൊപ്പമാണ് പുതിയ പാലം പണിയുന്നത്. വീതി കുറവായ തൂതപ്പാലത്തിന് സമാന്തരമായി പുതിയപാലം നിർമിക്കാനാണ് പദ്ധതി.
പുഴയുടെ ഒരു വശത്ത് മണ്ണിട്ടുയർത്തി താത്കാലിക സംവിധാനമൊരുക്കുന്ന പ്രവർത്തനമാണ് ആരംഭിച്ചത്.
ഇതിനായി യന്ത്ര സാമഗ്രികൾ എത്തിക്കുന്നതിനാണ് മണ്ണിട്ട് ഉയർത്തി താത്കാലിക സൗകര്യം ഒരുക്കിയിട്ടുള്ളത്. മഴക്കാലത്തിന് മുന്പ് പുഴയിലെ ജലവിതാനമുൾപ്പടെ എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമാകും പുതിയ പാലത്തിന്റെ പ്രവൃത്തികളിലേക്ക് കടക്കുക.
പ്രാരംഭ പഠന പ്രവർത്തനങ്ങൾ അടുത്തദിവസം തുടങ്ങുമെന്നു കെഎസ്ടിപി അധികൃതർ അറിയിച്ചു. പാലക്കാട് - മലപ്പുറം ജില്ലകളെ കൂട്ടിയിണക്കുന്ന ഇപ്പോഴുള്ള തൂതപ്പാലത്തിന് കാലപ്പഴക്കം ഏറെയുണ്ട്.
വീതി കുറവുള്ള ഈ പാലത്തിലൂടെ ഒരേസമയം രണ്ടു വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമാണ്. അതുകൊണ്ടു തന്നെ നാലുവരിപ്പാതയുടെ പ്രയോജനം പൂർണമാകണമെങ്കിൽ പുതിയ പാലം അനിവാര്യമാണ്. ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് പണി കഴിപ്പിച്ചതാണ് ഇപ്പോഴുള്ള പാലം. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ചു ആശങ്ക നിലനിൽക്കുന്നതിനാൽ പുതിയ പാലം എന്ന നാട്ടുകാരുടെ ആവശ്യത്തിനു നാലുവരി പാതയുടെ വരവോടെ യാഥാർഥ്യമാകും.