ലഹരിക്കെതിരേ ജില്ലയിൽ 750 ചൈൽഡ് അംബാസിഡർമാർ
1264396
Friday, February 3, 2023 12:13 AM IST
മലപ്പുറം: കായിക രംഗത്തെ സമഗ്ര വളർച്ചയും ലഹരിക്കെതിരെ യുവതലമുറയുടെ പ്രതിരോധവും ലക്ഷ്യമിട്ടു കൊണ്ട് കുട്ടികൾക്ക് മികച്ച കായികപരിശീലനം നൽകുന്ന കളിക്കൂട്ടങ്ങൾ പദ്ധതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പഞ്ചായത്ത് തലത്തിൽ ബാലസഭാംഗങ്ങൾക്ക് കായിക പരിശീലനവും സ്പോർട്സ് കിറ്റുകളുടെ വിതരണവും ആരോഗ്യഅവബോധ പരിപാടികളും ഉൾക്കൊള്ളുന്ന ശ്രദ്ധേയമായ പദ്ധതി ആരംഭിക്കുന്നത്. ജില്ലയിലെ 15 ബ്ലോക്ക് തലങ്ങളിലും തെരെഞ്ഞെടുക്കപ്പെട്ട ഓരോ കേന്ദ്രങ്ങളിലായി 750 കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ ഫുട്ബോൾ, ഹാൻഡ് ബോൾ പരിശീലനം. ക്യാന്പിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്ന പരിശീലനാർത്ഥികളെ ജില്ലയിൽ കുട്ടികൾക്കിടയിലെ ലഹരി വിരുദ്ധ ബോധവൽകരണത്തിന്റെ അംബാസിഡർമാരായി നിയോഗിക്കും. ഇവർ ’ചൈൽഡ് അംബാസ്സഡർ’ മാർ എന്നാണ് അറിയപ്പെടുക. കളിയോടൊപ്പം ആരോഗ്യ പരിശോധന, വ്യായാമമുറകൾ, നല്ല ഭക്ഷണ ശീലങ്ങൾ എന്നിവയും ശീലിപ്പിക്കുന്ന പദ്ധതി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. കുട്ടികളിൽ കായിക മുന്നേറ്റത്തിനൊപ്പം മികച്ച സ്വഭാവരൂപീകരണം കൂടി ലക്ഷ്യമിടുന്ന പദ്ധതി പുതിയ തലമുറയെ കായിക മേഖലയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനുള്ള ബൃഹത്പദ്ധതി കൂടിയാണ്.
പദ്ധതി സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യുന്നതിനും അന്തിമ രൂപം കാണുന്നതിനുമായി ബന്ധപ്പെട്ട 15 ഗ്രാമബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സിഡിഎസ് ചെയർപേഴ്സണ്‍മാരുടെയും യോഗം ഇന്ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരുമെന്ന് പ്രസിഡന്റ് എം.കെ.റഫീഖ അറിയിച്ചു.