പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കരുത്: കെപിഎസ്ടിഎ
1263160
Sunday, January 29, 2023 11:24 PM IST
മേലാറ്റൂർ: അധ്യയന വർഷം കഴിയാറായിട്ടും അധ്യാപക തസ്തിക നിർണയം പൂർത്തിയാക്കാതെയും അധ്യാപക നിയമനം നടത്താതെയും വിദ്യാർഥികളുടെ ഉച്ചഭക്ഷണ ഫണ്ട് വർധിപ്പിക്കാതെ പ്രധാനാധ്യാപകരെ കടക്കെണിയിലാക്കിയുമുള്ള സർക്കാരിന്റെ നയം തിരുത്തണമെന്നു കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) മേലാറ്റൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഹെഡ്മാസ്റ്റർ പ്രമോഷൻ ലഭിച്ചവർക്ക് ശന്പള സ്കെയിലും അർഹമായ ആനുകൂല്യങ്ങളും അനുവദിക്കാതെയും പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം പാലിക്കാതെയും വിലക്കയറ്റം അതിരൂക്ഷമായിട്ടും ഡി.എ.കുടിശികകൾ അനുവദിക്കാതെയും വിദ്യാഭ്യാസ മേഖല പ്രശ്നകലുഷിതമാക്കി പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള നീക്കത്തിൽ നിന്നു സർക്കാർ പിന്തിരിയണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.
കെപിഎസ്ടിഎ സംസ്ഥാന അസോസിയറ്റ് ജനറൽ സെക്രട്ടറി കെ.എൽ.ഷാജു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് വി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി വി.പി.സുബൈർ മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്നു വിരമിക്കുന്ന കെ.പി. മുഹമ്മദ് അക്ബർ, ടി. ജ്യോതിർമയി, ടി. കല്യാണി, കെ.വി. മീര, എം. പ്രേമകുമാരി എന്നിവർക്കുള്ള യാത്രയയപ്പും വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥി പ്രതിഭകൾക്കുള്ള അനുമോദനവും നടന്നു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.സക്കീർ ഹുസൈൻ, ഉപജില്ലാ സെക്രട്ടറി കെ.കെ.റഷിൻ വീരാൻ, സംസ്ഥാന എച്ച്എം ഫോറം കണ്വീനർ പി.വേണുഗോപാലൻ, വി.ബിജുമോൻ, ഇ.ഹരീഷ്, ടി.രാജീവ്, ജി.ശ്രീരജ്നാഥ്, എ.ജി.ശാലിനി, സജി പി.ഫിലിപ്പ്, കെ.ജയകൃഷ്ണൻ, എൻ.എം.സലീം എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ. മുഹമ്മദ് അഷ്റഫ് (പ്രസിഡന്റ്), എൻ.കെ.സക്കീർ ഹുസൈൻ, എ.ജി.ശാലിനി (വൈസ് പ്രസിഡന്റ്), പി.ദീപക് (സെക്രട്ടറി), കെ.വി.അബ്ദുറഹീം, ടി.വിനോദിനി, കെ.ബാലൻ (ജോയിന്റ് സെക്രട്ടറി). പി.ബി.ജോഷി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.