മങ്കട മസ്ജിദിലെ മോഷണം; പ്രതി അറസ്റ്റിൽ
1262894
Sunday, January 29, 2023 12:04 AM IST
മങ്കട: വടക്കാങ്ങര ഉമറുൽ ഫാറൂഖ് ജുമാമസ്ജിദിൽ നടന്ന മോഷണക്കേസിൽ പ്രതിയെ മങ്കട പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വടക്കാങ്ങര ഉമറുൽ ഫാറൂഖ് ജുമാമസ്ജിദിൽ ഖത്തീബിന്റെ മുറി കുത്തിത്തുറന്ന് പണം മോഷ്ടിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ബേപ്പൂർ സ്വദേശി കുപ്പയിൽ ഷംസുദീനെ (37) മങ്കട എസ്ഐ സി.കെ നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്. മോഷണം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് സിസിടിവി ദൃശ്യങ്ങളുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ മുന്പും സമാനരീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും മറ്റു പല പോലീസ് സ്റ്റേഷനുകളിലും കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. മങ്കട എസ്ഐ സി.കെ നൗഷാദ്, എസ്ഐമാരായ അനിൽകുമാർ, അബ്ദുൾ സലിം, സമീർ പുല്ലോടൻ, മുഹമ്മദ് സുഹൈൽ, രാജീവ്, നവീൻ, അനീഷ്, പ്രജീഷ്, റീന, ധന്യ എന്നിവരുൾപ്പെട്ട സംഘമാണ്
യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നു എസ്ഐ സി.കെ നൗഷാദ് അറിയിച്ചു.