"ആയിഷ’സിനിമ കാണാൻ വയോജനങ്ങൾക്ക് അവസരമൊരുക്കി നിലന്പൂർ നഗരസഭ
1262299
Thursday, January 26, 2023 12:16 AM IST
നിലന്പൂർ: നിലന്പൂരിന്റെ അഭിമാനമായ നിലന്പൂർ ആയിഷയുടെ പ്രവാസ ജീവിതകാലത്തെ കഥ പറയുന്ന "ആയിഷ’എന്ന സിനിമ കാണാൻ നഗരസഭയിലെ 70 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വയോജനങ്ങൾക്കും അവസരം ഒരുക്കുമെന്ന് നഗരസഭ വികസന സ്ഥിരംസമിതി അധ്യക്ഷൻ പി.എം. ബഷീർ പറഞ്ഞു.
സിനിമ-നാടകനടി നിലന്പൂർ ആയിഷക്കൊപ്പമാണ് അവരുടെ പ്രവാസ ജീവിതകാലത്തെ കഥ പറയുന്ന ആയിഷ എന്ന സിനിമ കാണാൻ വയോജനങ്ങൾ എത്തുക. നാളെ രാവിലെ എട്ടിന് ഇവർക്കായി തിയേറ്ററിൽ പ്രത്യേക പ്രദർശനം നടത്തും.
വയോജന സൗഹൃദ നഗരസഭയായ നിലന്പൂർ നഗരസഭ രണ്ടാം തവണയാണ് ഫെയറിലാൻഡ് തിയേറ്ററിൽ വയോജനങ്ങൾക്ക് മാത്രമായി സിനിമാ പ്രദർശനം നടത്തുന്നത്. നഗരസഭ ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരും വയോജനങ്ങൾക്കൊപ്പം സിനിമ കാണും. ആയിഷ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ മഞ്ജു വാര്യരുടെ സിനിമ ബിഗ് സ്ക്രീനിൽ കാണാനുള്ള ആവേശത്തിലാണ് വയോജനങ്ങൾ. വാർധക്യപരമായ കാരണങ്ങളാൽ വീടുകളിൽ ഒതുങ്ങി കഴിയുന്ന വയോജനങ്ങളെ ചേർത്തു പിടിക്കാനും അവരുടെ മനസിന് സന്തോഷം പകരാനും സൗഹൃദങ്ങൾ പുതുക്കാനുമാണ് സിനിമകൾ ഉൾപ്പെടെ കാണാൻ അവസരം ഒരുക്കുന്നതെന്നു ബഷീർ പറഞ്ഞു. 27 ന് രാവിലെ അവർ നിലന്പൂർ ഫെയറിലാൻഡ് തിയേറ്ററിലേക്ക് മക്കളുടെയും കൊച്ചുമക്കളുടെയും കൈ പിടിച്ചെത്തും.