കുടുംബശ്രീ രജത ജൂബിലി: അയൽക്കൂട്ട സംഗമങ്ങൾ ഇന്ന്
1262293
Thursday, January 26, 2023 12:16 AM IST
മലപ്പുറം: കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള അയൽക്കൂട്ട സംഗമങ്ങൾ ഇന്നു ജില്ലയിലെ വിവിധയിടങ്ങളിലായി നടക്കും.
ജില്ലയിലെ 30098 അയൽക്കൂട്ടങ്ങളാണ് "ചുവട് 2023’ എന്ന പേരിൽ അയൽക്കൂട്ട സംഗമങ്ങൾ നടത്തുന്നത്. അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായ കുടുംബശ്രീ വനിതകൾ, കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പംഗങ്ങൾ, ബാലസഭ അംഗങ്ങൾ, വയോജന അയൽക്കൂട്ട അംഗങ്ങൾ, സ്പെഷൽ അയൽക്കൂട്ട അംഗങ്ങൾ തുടങ്ങി കുടുംബശ്രീ സംവിധാനവുമായി ചേർന്നു പ്രവർത്തിക്കുന്നവർ യോഗങ്ങളിൽ പങ്കെടുക്കും.
ജില്ലയിലെ മന്ത്രിമാർ, എംഎൽഎമാർ തുടങ്ങി ജനപ്രതിനിധികളും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും കലാ,സാഹിത്യ രാഷ്ട്രീയ സാംസ്കാരിക കായിക മേഖലകളിലെ പ്രമുഖരും വിവിധ അയൽക്കൂട്ട യോഗങ്ങളിൽ പങ്കാളികളാകും.
രാവിലെ എട്ടിനു ദേശീയ പതാക ഉയർത്തി ആരംഭിക്കുന്ന യോഗത്തിൽ കുടുംബശ്രീ ജീവിതത്തിലും പൊതുസമൂഹത്തിലും സൃഷ്ടിച്ച മാറ്റങ്ങൾ, ആരോഗ്യം, പൊതുശുചിത്വം, വൃത്തിയുള്ള അയൽക്കൂട്ട പരിസരം, അയൽക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും. സുസ്ഥിര വികസന ലക്ഷ്യങ്ങളെ മുൻനിർത്തി സൂക്ഷ്മതല പദ്ധതി ആസൂത്രണം ചെയ്ത് ഇതു സംബന്ധിച്ച റിപ്പോർട്ട് അയൽക്കൂട്ടങ്ങൾ എഡിഎസിന് കൈമാറും. ഇതു സിഡിഎസ് തലത്തിൽ ക്രോഡീകരിച്ച് സിഡിഎസ്തല വിഷൻ ഡോക്യുമെന്റ് തയാറാക്കും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മികച്ച വരുമാനദായക ഉപജീവന പ്രവർത്തനങ്ങൾ, ആരോഗ്യം വിദ്യാഭ്യാസം ജീവിത നിലവാരം മെച്ചപ്പെടുത്തൽ, പൊതുയിടങ്ങൾ സ്ത്രീകളുടേതു കൂടിയാണെന്ന് തരിച്ചറിവുണ്ടാക്കൽ എന്നീ വിഷയങ്ങളിലും ചർച്ചകൾ നടത്തും. മെയ് 17വരെ വൈവിധ്യമാർന്ന കർമ പരിപാടികളാണ് കുടുംബശ്രീ തുടക്കമിടുന്നത്.